ശ്രീഹരിക്കോട്ട: ഐ.എസ്.ആര്.ഒ. വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപിച്ചു. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം.
ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി-1 റോക്കറ്റിന്റെ ലക്ഷ്യം. മിഷന് റെഡിനസ് റിവ്യൂ കമ്മിറ്റിയുടെയും ലോഞ്ച് ഓഥറൈസേഷന് ബോര്‍ഡിന്റെയും അനുമതി ലഭിച്ചതോടെ വിക്ഷേപണത്തിനുള്ള ‘കൗണ്ട്ഡൗണ്‍’ ഞായറാഴ്ച വൈകുന്നേരം 3.58-ന് ആരംഭിച്ചു. ഇരുപത്തിയഞ്ചര മണിക്കൂര്‍ നീളുന്ന ‘കൗണ്ട്ഡൗണി’നുശേഷമാണ് വിക്ഷേപണം നടന്നത്.വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ശാസ്ത്രജ്ഞര്‍ക്ക് പ്രധാവമന്ത്രി നരേന്ദ്രമോദിയും അഭിനന്ദനം അറിയിച്ചു
ഐ.എസ്.ആര്.ഒ. ഇതുവരെ വികസിപ്പിച്ചതില്‍ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്. 640 ടണ്‍ ആണ് ഭാരം. ഉയരം 43.4 മീറ്റര്‍ (ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം).
തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തുന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ നാലു ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകും.
ഭാവിയില്‍ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കുവേണ്ടി ഐ.എസ്.ആര്.ഒ. കേന്ദ്രസര്‍ക്കാരില്‍നിന്ന് 12,500 കോടി രൂപ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിച്ചാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19-ന്റെ ഭാരം 3,136 കിലോഗ്രാമാണ്. കെ.എ./കെ.യു. ബാന്‍ഡ് വാര്‍ത്താവിനിമയ ട്രാന്‍സ്പോണ്ടറുകള്‍, ഉപഗ്രഹങ്ങള്‍ക്കുമേല്‍ ബഹിരാകാശ വികിരണങ്ങള്‍ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷന് സ്പെക്ടോമീറ്റര് എന്നിവയാണ് ‘ജി.സാറ്റ്-19’ വഹിക്കുന്നത്.
Discussion about this post