കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഖൂര്‍ കത്തിച്ചുവെന്നാരോപിച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ യുവതി ഖുറാന് കത്തിച്ചിരുന്നില്ലെന്ന് പുതിയ വെളിപ്പെടുത്തല്‍. ഇവര്‍ നിരപരാധിയാണെന്ന് അഫ്ഗാന് പോലിസ് വെളിപ്പെടുത്തി.
പശ്ചാത്തലത്തില്‍, ഖുര്‍ആന്‍ പേജുകള്‍ കത്തിച്ചു എന്നാരോപിച്ച് ഒരു സംഘം പുരുഷന്മാര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചശേഷം കത്തിച്ച് പുഴയിലെറിഞ്ഞ യുവതി മനോരോഗി ആണെന്ന പ്രചാരണം തെറ്റാണെന്ന് കുടുംബവും അറിയിച്ചു. പ്രദേശത്തെ ഒരു വ്യാജ സിദ്ധന്റെ നുണപ്രചാരണത്തിന്റെ ഇരയായിരുന്നു ഈ 32കാരിയെന്നും വ്യക്തമായി. അ്ഗാന് ചരിത്രത്തിലാദ്യമായി, ഒരു സംഘം സ്ത്രീകള്‍ തെരുവിലിറങ്ങി, ഇവരുടെ മൃതദേഹാവശിഷ്ടങ്ങളുമായി പ്രകടനം നടത്തുകയും സ്ത്രീകളുടെ മുന്‍കൈയില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തിരുന്നു.
സംഭവത്തില്‍ 26 പേര് അറസ്റ്റിലായി. എല്ലാം കണ്ടിട്ട് മാറി നിന്ന 11 പൊലീസുകാരെ സസ്പെന്റ് ചെയ്തു. യുവതിക്ക് നീതി ലഭ്യമാക്കാനുള്ള കാമ്പെയിനിനു വേണ്ടി ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ ആയിരങ്ങളാണ് ഒരുമിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഖുര്‍ആന്‍ കത്തിച്ചു എന്നാരോപിച്ച് 32കാരിയായ ഫര്കുന്ദ എന്ന യുവതിയെ നൂറു കണക്കിനാളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചശേഷം ജീവനോടെ കത്തിക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുഴയിലേക്ക് എറിയുകയുമായിരുന്നു. ചുറ്റും കൂടിയ ആള്‍ക്കൂട്ടം വടിയും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചശേഷം ഇവരെ വലിച്ചിഴച്ച് പുഴത്തീരത്തേക്ക് കൊണ്ടുപോവുകയും ജീവനോടെ കത്തിക്കുകയും അതിനു ശേഷം പുഴയിലേക്ക് വലിച്ചെറിയുകയും ചെയ്തു. കാബൂളിലെ ഷാ ദോ ഷാംഷിറയിലെ ദേവാലയത്തിന് അകത്ത് വെച്ച് യുവതി ഖുര്‍ആന്‍ കത്തിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊടുന്നനെ ലോകമെങ്ങും പരക്കുകയും ചെയ്തു. അതിനിടെ, ഇവര്‍ വര്‍ഷങ്ങളായി മനോരോഗത്തിന് ചികില്‍സയില്‍ ആണെന്ന് പിതാവ് പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെയാണ്, മനോരാഗിയായ സ്ത്രീ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പരന്നത്. എന്നാല്‍, പിന്നീട് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുവതി നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജനറല്‍ മുഹമ്മദ് സാഹിര്‍ അറിയിച്ചു.
യുവതിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി കൂട്ടായ്മകളാണ് സോഷ്യല്‍മീഡിയകളില്‍ കാമ്പയിന് നടത്തുന്നത്.
Discussion about this post