കൊച്ചി: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, കമ്മീഷനെതിരെ ആഞ്ഞടിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് ജോര്‍ജ് പറഞ്ഞു. പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തീര്‍ത്തിട്ട് തന്നെ പഠിപ്പിക്കാന്‍ നോക്കിയാല്‍ മതിയെന്ന് ജോര്‍ജ് തുറന്നടിച്ചു.
പുതുവൈപ്പിന് സമരത്തിനിടെ പോലീസ് വനിതകളെ അപമാനിച്ചത് കണ്ടില്ലെന്ന് നടിക്കരുത്. സിനിമാ നടിമാര്‍ക്കും, ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല മാനാഭിമാനമുള്ളതെന്നും ജോസഫൈന് മനസിലാക്കണം. പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചതിനു ശേഷം താന്‍ കമ്മീഷന് മുന്നില്‍ വിനയാന്വിതനായി നിന്നു തരാം ജോര്‍ജ് പറഞ്ഞു. ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദ പഠിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അത് പഠിപ്പിക്കാന്‍ ആരും സമയം മെനക്കെടുത്തേണ്ടതില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് തന്റെ നിലപാട്. എന്നാല്‍ ഒരു നടനെ മാത്രം കേന്ദ്രീകരിച്ചാണ് കേസിലെ നടപടികള്‍ മുന്നോട്ട് പോയത്. ഇത് ആ നടനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു. സംസ്ഥാന പോലീസില്‍ ഫൂലന് ദേവിയേപ്പോലെ ഉള്ളവരും ഉണ്ടെന്നും അവര്‍ നിരപരാധികളുടെ ജീവിതം തകര്‍ത്ത ചരിത്രമുണ്ടെന്നും ജോര്‍ജ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ് ശക്തമായി കോടതിയില്‍ വാദിച്ചുവെന്ന് അറിഞ്ഞിരുന്നു. ഇതിനായി, നിര്‍ഭയ കേസിലെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിനേക്കാള്‍ ക്രൂരമായാണ് നടി ആക്രമിക്കപ്പെട്ടതെന്ന് പോലീസ് കോടതിയെ അറിയിച്ചെന്നാണ് കേട്ടത്. അപ്പോള്‍ ഒരു സാധാരണക്കാരന് ഉണ്ടാകുന്ന സംശയം മാത്രമാണ് താന്‍ ഉന്നയിച്ചതെന്നും ജോര്‍ജ് പറഞ്ഞു. പോലീസ് പറയുന്ന പ്രകാരമാണെങ്കില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങിനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിംഗിന് പോയത്? ഏത് ആശുപത്രിയിലാണ് അവര്‍ ചികിത്സ തേടിയത്? എന്നൊക്കെയുള്ള സംശയങ്ങള്‍ എങ്ങിനെയാണ് ആ നടിയെ അപകീര്ത്തിപ്പെടുത്തലാകുന്നത് ജോര്‍ജ് ചോദിച്ചു.സ്വയം കല്പിത തമ്പുരാട്ടിയുടേയോ തമ്പുരാട്ടിമാരുടെയോ തിട്ടൂരങ്ങള്‍ക്ക് വഴങ്ങി ഭയപ്പെട്ട് ജീവിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും പി.സി. ജോര്‍ജ് പ്രസ്താവനയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
Discussion about this post