പാട്ന: ആര്‍ജെഡി ജെഡിയു സഖ്യം തകര്‍ന്നിട്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ഒരു സഹായ അഭ്യര്‍ത്ഥനയുമായി മുന്‍ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. ബിഹാറില്‍ സഖ്യകക്ഷികളായിരുന്നവര് ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് തട്ടിലായി പരസ്പരം വാളോങ്ങി നില്‍ക്കുമ്പോഴാണ് സഹായാഭ്യര്‍ത്ഥനയുമായി തേജസ്വി യാദവ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ താന്‍ താമസിച്ചിരുന്ന കൊട്ടാരസദൃശ്യമായ ബംഗ്ലാവ് തുടര്‍ന്നും ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ ആവശ്യം. ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിച്ച നിതീഷ് കുമാറിന്റെ ഉപമുഖ്യമന്ത്രി ബിജെപിയുടെ സുശീല്‍ കുമാര്‍ മോഡിയാണ്. ഇദ്ദേഹത്തിന്റെ ഓഫീസാക്കാന്‍ ബംഗ്ലാവ് ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി തേജസ്വി യാദവ് കത്തയച്ചത്.
ഉപമുഖ്യമന്ത്രി കസേര പോയതുപോലെ താന്‍ കുറച്ചധികം മോടിപിടിപ്പിച്ച ബംഗ്ലാവും പോകുമെന്ന് വന്നതോടെയാണ് ലാലു പ്രസാദ് യാദവിന്റെ 27 വയസുകാരനായ മകന് നിതീഷിന്റെ സഹായം തേടിയത്. മുന്മുഖ്യമന്ത്രിയായ അച്ഛനും അമ്മയും തൊട്ടടുത്ത് തന്നെ ഉണ്ടെന്നതിനാല്‍ ബംഗ്ലാവ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് തേജസ്വിയുടെ ആവശ്യം.
നേരത്തെ സുശീല്‍ കുമാര്‍ മോഡിയുടെ കാര്യത്തില്‍ നിതീഷ് കുമാര്‍ ഇളവ് നല്‍കിയത് ചൂണ്ടികാണിച്ചാണ് തേജസ്വിയുടെ കുറിപ്പ്. മോഡി ആദ്യം ബിഹാര്‍ ഉപമുഖ്യമന്ത്രിയായ 2005 മുതല്‍ ഉപയോഗിക്കുന്ന ബംഗ്ലാവ് 2013-ല്‍ ബിജെപിയുമായി സഖ്യം ഉപേക്ഷിച്ചപ്പോഴും തുടര്‍ന്ന് ഉപയോഗിക്കാന്‍ നിതീഷ് അനുവാദം നല്‍കിയിരുന്നു. ഈ പ്രത്യേക ഇളവ് തനിക്കും വേണമെന്നാണ് ലാലുവിന്റെ മകന്റെ ആവശ്യം.
Discussion about this post