ഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. പത്മഭൂഷണ്‍ കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ബി.സി.സി.ഐ പത്മഭൂഷണ്‍ പുരസ്കാരത്തിനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം.എസ്. ധോനിയുടെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍, കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസില്‍ കിരീടം എന്നീ നേട്ടങ്ങള്‍ പരിഗണിച്ചാണ് സിന്ധുവിന്റെ പേര് ശുപാര്‍ശ ചെയ്തത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയും നേടിയിട്ടുള്ള സിന്ധു റിയോ ഒളിമ്പിക്സിലും വെള്ളി നേടിയിട്ടുണ്ട്.
2016-ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം, 2015-ല്‍ പത്മശ്രീ പുരസ്കാരം, 2013-ല്‍ അര്‍ജുന അവാര്‍ഡ് എന്നിവ സിന്ധുവിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കായിക താരങ്ങള്‍ക്കാര്‍ക്കും പത്മഭൂഷണ്‍ നല്‍കിയിരുന്നില്ല. 2016-ല്‍ സാനിയ മിര്‍സയും സൈന നെഹ്വാളുമാണ് പത്മഭൂഷണ്‍ നേടിയ കായികതാരങ്ങള്‍.
Discussion about this post