ഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര 5-1ന് വിജയിച്ചതോടെ ടീം ഇന്ത്യയേയും നായകന് വിരാട് കോഹ്ലിയേയും പ്രശംസകള്കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകവും മാധ്യമങ്ങളും.പരമ്പരയില്‍ മൂന്നു സെഞ്ചുറി ഉള്‍പ്പടെ 558 റണ്‍സ് നേടി മാന്‍ ഓഫ് ദ സീരിസ് ആയ നായകനെ സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറുമായി താരതമ്യപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. 35 സെഞ്ചുറികള്‍ ഇതുവരെ നേടിക്കഴിഞ്ഞ കോഹ്ലിക്കു മുന്നില്‍ സച്ചിന് മാത്രമാണ് ഇനിയുള്ളത്.
തന്റെ പ്രകടനങ്ങള്‍ ആരുമായുള്ള മത്സരമല്ലെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. കളിക്കളത്തില്‍ നല്ല പ്രകടനങ്ങള്‍ ഉണ്ടാകുന്നത് തന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പറഞ്ഞ കോഹ്ലി താരതമ്യങ്ങള്‍ വേണ്ടെന്നും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നുള്ള മാധ്യമ വിശേഷണങ്ങളും ഇപ്പോള്‍ വേണ്ടെന്നും കോഹ്ലി പറഞ്ഞു.
ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തന്റെ കടമയാണ്. ടീം മാനേജ്മെന്റും സഹകളിക്കാരും തന്നെക്കുറിച്ച് എന്തുവിചാരിക്കുന്നു എന്നത് മാത്രമാണ് താന്‍ കാര്യമാക്കുന്നത്-കോഹ്ലി പറഞ്ഞു. ഇപ്പോള്‍ പ്രശംസകള്‍കൊണ്ടു മൂടുന്നവര്‍ തന്നെ അടുത്തടുത്ത കളികളില്‍ താന്‍ പൂജ്യത്തിന് പുറത്തായാല്‍ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്ന് അറിയാമെന്നും കൊഹ്ലി പറഞ്ഞു.
Discussion about this post