അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തന്റെ നേതാവായി പരിഗണിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി രാഷ്ട്രിയത്തിലിറങ്ങുന്നത് കാത്തിരിക്കുകയാണെന്നും ഗുജറാത്തിലെ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാഹുലിനെ വെട്ടി ഹാര്‍ദിക് രംഗത്തെത്തിയത്. രാഹുലിനെ എന്റെ നേതാവായി പരിഗണിച്ചിട്ടില്ല, രാഹുലിന്റെ സഹോദരി പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് താന്‍ കാത്തിരിക്കുകയാണ്-ഹാര്‍ദിക് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തെ ഞാന്‍ ഒരു നേതാവായി പരിഗണിക്കുന്നില്ല. കാരണം അദ്ദേഹം എന്റെ നേതാവല്ല ഹാര്‍ദിക് പറഞ്ഞു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹാര്‍ദിക് വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു.ജനങ്ങളെ മനസിലാക്കിയശേഷം മാത്രമേ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുള്ളുവെന്നും ഹാര്‍ദിക് വ്യക്തമാക്കി.
Discussion about this post