ടിബറ്റന്‍ മലനിരകളില്‍ കാലാവസ്ഥ മാറ്റാനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുകോണ്ട് ചൈന. കൂടുതല്‍ മഴ ലഭിക്കാന്‍ വേണ്ടിയാണ് ഇത് സ്ഥാപിക്കുന്നത്. എന്നാല്‍ ഇതുമൂലം ഇന്ത്യയിലെ അസം മേഖലയില്‍ ആശങ്ക പടര്‍ന്നിരിക്കുകയാണ്. എല്ലാ കൊല്ലവും വെള്ളപ്പൊക്കം മൂലം വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിക്കാറുള്ള സംസ്ഥാനമാണ് അസം. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാനത്തെ ധനകാര്യ മന്ത്രിയായ ഹിമന്താ ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
ഈ പദ്ധതി ഉപയോഗിച്ച് 10,000 കോടി ക്യുബിക് മീറ്റര്‍ മഴ ഒരു കൊല്ലം കിട്ടുമെന്നാണ് ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ വ്യക്തമാക്കിയത്. ഇത് ചൈനയുടെ മൊത്തം ജല ഉപഭോഗത്തിന്റെ 7 ശതമാനമാണ്. ഈ പദ്ധതിയിലൂടെ പതിനാറ് ലക്ഷം ചതുരശ്ര കിലോമീറ്ററുകളില്‍ മഴ ലഭിക്കും. ഇത് സ്‌പെയിന്‍ എന്ന രാജ്യത്തിന്റെ മൂന്നിരട്ടി വലിപ്പമാണ്.
അവിടെ സ്ഥാപിക്കുന്ന ഉപകരണങ്ങള്‍ ഇന്ധനത്തിന്റെ ജ്വലനം മൂലം സില്‍വര്‍ അയോഡൈഡ് ആകാശത്തിലേക്ക് വിടും. ഐസിന്റെ രാസഘടനയുമായി വളരെയധികം സാമ്യമുള്ള സില്‍വര്‍ അയോഡൈഡ് മേഘങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടാന്‍ സഹായിക്കും. ഇന്ധനം ജ്വലിപ്പിക്കുന്ന 500ലധികം ഉപകരണങ്ങള്‍ ഇതിനോടകം ടിബറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. ചൈന എയറോസ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷന്‍ എന്ന കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുന്നത്. ഇതിന് മുമ്പ് യു.എസ് ഇതുപോലൊരു പദ്ധതി തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഇത്ര വലിയ തോതില്‍ ഇങ്ങനൊരു പദ്ധതി ഒരു രാജ്യം നടപ്പിലാക്കുന്നത്.
Discussion about this post