തിരുവനന്തപുരം: പാലക്കാട് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം സമര്‍പ്പിക്കാനിരിക്കെ യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി പ്രസിഡണ്ടിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു.ഇന്നുരാവിലെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ വസതിയിലായിരുന്നു അടിയന്തര യോഗം. ജോണി നെല്ലൂര്‍, ഷേയ്ക്ക് പി. ഹാരീസ് എന്നിവര്‍ പങ്കെടുത്തു. ഒന്‍പതിന് ഉപസമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. പാലക്കാട്ടെ തോല്‍വിയില്‍ ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജെ.ഡി.യു ശക്തമായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ജെ.ഡി.യു വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം മുഖമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എം.പി. വീരേന്ദ്രകുമാറുമായി നടത്തിയ ചര്‍ച്ചയിലും പ്രധാന വിഷയം ഇതായിരുന്നു. നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കിയിരുന്നു. ഇക്കാര്യത്തിലുള്ള നടപടി അനുസരിച്ചായിരിക്കും യു.ഡി.എഫുമായുള്ള ജെ.ഡി.യുവിന്റെ ബന്ധം മുന്നോട്ടുപോകുക.
പാലക്കാട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് ഉത്തരവാദികളാണെന്ന് ഉപസമിതി കണ്ടെത്തുകയും അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഡി.സി.സി പ്രസിഡന്റിനെ ഒഴിവാക്കാനുള്ള ചില നീക്കങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ജെ.ഡി.യു നിലപാട് കര്‍ശനമാക്കിയത്. മാത്രമല്ല, 15ന് സമര്‍പ്പിക്കുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ജെ.ഡി.യു നിലപാടുമൂലം നേരത്തെ നല്കാന് തീരുമാനിക്കുകയായിരുന്നു.
Discussion about this post