സൈന്യം സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയപ്പോള്‍ അതിന്റെ തെളിവ് ചോദിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടാളക്കാര്‍ തോക്കുകള്‍ക്ക് പകരം ക്യാമറ കൊണ്ട് യുദ്ധം ചെയ്യാന്‍ പോയാല്‍ മതിയെന്നാകും കോണ്‍ഗ്രസിന്റെ നയമെന്ന് മോദി ആരോപിച്ചു. കര്‍ണാടകയിലെ കലബുരാഗിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൈന്യം ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവ് കരസേനാ മേധാവിയെ ഗുണ്ട എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ 1948ല്‍ പാക്കിസ്ഥാനെ യുദ്ധത്തില്‍ കീഴ്പ്പെടുത്തിയതിന് ശേഷം ജനറല്‍ തിമയ്യയെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പ്രതിരോധ മന്ത്രി കൃഷ്ണാ മേനോനും അധിക്ഷേപിച്ചുവെന്നും മോദി പറഞ്ഞു.
“വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കര്‍ഷകരുടെ പുരോഗതിക്കും സ്ത്രീകളുടെ സുരക്ഷക്കും വേണ്ടിയുള്ളതാണ്. യെദ്യൂരപ്പ കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ്.”-മോദി പറഞ്ഞു.
മെഴുകുതിരിയേന്തി പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ണാടകയിലെ ബീദറില്‍ ഒരു ദളിത് പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടപ്പോള്‍ എവിടെയായിരുന്നുവെന്നും മോദി ചോദിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് വാക്ക് നല്‍കിയിരുന്നെന്നും അത് നടപ്പിലാക്കാതെ അവര്‍ ദളിത് വിഭാഗത്തെ വഴിതെറ്റിച്ചുവെന്നും മോദി പറഞ്ഞു.
മേയ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം മേയ് 15ന് അറിയാന്‍ സാധിക്കും.
Discussion about this post