ആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് എന്‍.ഒ.സി. നല്‍കിയത് അന്നത്തെ വകുപ്പു മന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ അറിവോടെയായിരുന്നെന്നു എന്ന വ്യക്തമാകുന്ന രേഖകള്‍ പുറത്തായി. പദ്ധതിക്ക് അനുമതി നല്‍കിയതിനു പിന്നില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു എ.കെ. ആന്റണി മുന്‍പ് പ്രസ്താവിച്ചിരുന്നത്. എന്നാല്‍ പദ്ധതിക്ക് എന്‍.ഒ.സി. നല്‍കണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എം.പിയും രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ. കുര്യനും എ.കെ. ആന്റണിക്ക് നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇത് സംബന്ധിച്ച് ആന്റണി പ്രതിരോധ വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പുറത്ത് വന്ന തെളിവുകള്‍ വ്യക്തമാക്കുന്നു.
സുരക്ഷാകാരണങ്ങളാല്‍ ആറന്മുള വിമാനത്താവളത്തിന് എന്‍.ഒ.സി. നല്‍കാനാകില്ലെന്ന നിലപാടായിരുന്നു നേരത്തേ വ്യോമസേനയ്ക്കുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് നിസാരകാരണങ്ങള്‍ പറഞ്ഞ് പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിക്കുകയാണെന്നുകാട്ടി 2010 സെപ്റ്റംബര്‍ 22 ന് ആന്റോ ആന്റണി എം.പി. പ്രതിരോധ മന്ത്രിക്കു കത്തയച്ചു. തുടര്‍ന്ന് 2011 ജനുവരി അഞ്ചിന് റണ്‍വേയുടെ ദിശമാറ്റിയെന്ന് സൂചിപ്പിച്ച് ആന്റോ ആന്റണി വീണ്ടും കത്തയച്ചു. കൂടാതെ വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനുള്ള എതിര്‍പ്പ് വെളിപ്പെടുത്തി 2011 ജൂണ്‍ 23 ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിനും ആന്റോ ആന്റണി കത്തയച്ചതായി രേഖകള്‍ സൂചിപ്പിക്കുന്നു.
2011 ജനുവരി 20 ന് ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ. കുര്യനും പ്രതിരോധമന്ത്രിക്ക് കത്തു നല്കി. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് 2011 ഓഗസ്റ്റ് 12 ന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആറന്മുള വിമാനത്താവളത്തിന് എന്‍.ഒ.സി. നല്കാന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ചതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
Discussion about this post