ചൈനയെ അവരുടെ നാട്ടില്‍ വച്ച് ഇന്ത്യ സമനിലയില്‍ കുരുക്കിയതിനെ തുടര്‍ന്ന് ചൈന ദേശീയ ടീം പരിശീലകന് മാഴ്ലോ ലിപ്പിക്കെതിരെ ആരാധകര്‍ രംഗത്തെത്തി. സമനില നേടിയത് ഇന്ത്യ ആഘോഷിക്കുമ്പോള്‍ ചൈനയില്‍ പ്രതിഷേധം കനക്കുകയാണ്. റാങ്കിംഗില്‍ ചൈനയേക്കാള്‍ പിന്നിലുള്ള ഇന്ത്യ മികച്ച പ്രകടനമാണ് ചൈനക്കെതിരെ നടത്തിയത്.
നിരവധി അവസരങ്ങള്‍ ചൈനീസ് മുന്നേറ്റ നിര തുലച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവും തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വെച്ചത്.തുടര്‍ച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് മാഴ്സലോ ലിപ്പിയുടെ ടീം ഗോളടിക്കാനാവാതെ പതറുന്നതെന്നതും ആരാധകരെ ചൊടിപ്പിച്ചു. ചൈനയിലെ വിവിധ മാധ്യമങ്ങളും ആരാധകരും ലിപ്പിയെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളാണ് മാഴ്സലോ ലിപ്പി.
ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും എഎഫ്സി ചാമ്പ്യന്‍സ് ലീഗും നേടിയ ഒരേയൊരു പരിശീലകനാണ് ലിപ്പി. എന്നാല്‍ തന്റെ ടീമിന്റെ മോശം പ്രകടനത്തില്‍ ലിപ്പിക്ക് ആശങ്കയില്ലെന്നും തന്റെ വാര്‍ദ്ധക്യകാലം പരിശീലകന് ചൈനയില്‍ വെറുതെ ചിലവഴിക്കുകയാണെന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നു. ലിപ്പിയുടെ കീഴില്‍ പത്തൊന്‍പതു മത്സരങ്ങളില്‍ നിന്നും വെറും ഏഴു ജയങ്ങള്‍ സ്വന്തമാക്കിയ ചൈന 2018ല്‍ ആകെ നാലു മത്സരങ്ങളില്‍ മാത്രമാണു ഗോള്‍ നേടിയത്.വരുന്ന ജനുവരിയില്‍ ഏഷ്യന്‍ കപ്പ് ആരംഭിക്കാനിരിക്കെ അതിനു മുന്‍പു തന്നെ ലിപ്പിയെ പുറത്താക്കണമെന്നാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ആവശ്യം.
Discussion about this post