ദോഹ: ഫിഫ ലോക കപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികളുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് ഖത്തര്‍ ശക്തമായി രംഗത്ത്.
സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ ജോലിയ്ക്കിടെ മരിച്ചുവെന്നും മരണങ്ങള് തുടരുന്നു എന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത. തികച്ചും തെറ്റായ ഇത്തരം പ്രചാരണങ്ങള്‍ ഖത്തറിന്റെ പ്രതിച്ഛായയ്ക്ക് ഗുരുതരമായ കോട്ടമാണ് വരുത്തിയതെന്ന് സര്‍ക്കാര്‍ വാര്‍ത്താവിനിമയ കാര്യാലയം ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ലോകകപ്പ് നിര്‍മാണ മേഖലയിലെ അഞ്ചു ദശലക്ഷം പ്രവര്‍ത്തന മണിക്കൂറുകളില്‍ ഇതേ വരെ ഒരു മരണംപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഓദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഖത്തറിലെ ഇന്ത്യക്കാരുടെയും നേപ്പാളികളുടെയും വാര്‍ഷിക മരണനിരക്കിനെ ആസ്പദമാക്കിയാണ് വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ജോലിസ്ഥലത്തെ മോശം അവസ്ഥകളാണ് മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് പ്രസ്താവനയില്‍ പറയുന്നു.
മെയ് 27ന് വാഷിഗടണ് പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് പിന്‍വലിക്കാനും തെറ്റുതിരുത്താനും ഖത്തര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓണ്‍ലൈന്‍ വാര്‍ത്ത ആണെന്ന കാരണത്താല്‍ അവര്‍ അതിന് തയ്യാറായില്ല.
ലോക കപ്പ് സ്റ്റേഡിയങ്ങള്‍ക്ക് പുറമെ ലുസൈല്‍ സിറ്റി, ദോഹ മെട്രോ തുടങ്ങിയ വന്‍കിട പ്രോജക്ടുകളിലും പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളോടുള്ള സമീപനത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നാണ് ഔദ്യോഗികമായ വിലയിരുത്തല്‍.
Discussion about this post