സന്നിധാനത്ത് അഹിന്ദുക്കളെ തടയാനാവില്ലെന്ന് പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ പല വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. മലയരയന്മാരുടെ ക്ഷേത്രമാണെന്നും ബുദ്ധമത ക്ഷേത്രമാണെന്നും വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ കൃസ്ത്യാനികളും മുസ്ലീങ്ങളും വരാറുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.
കൂടാതെ കൃസ്ത്യാനിയായ കെ.ജെ.യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ശബരിമലയില്‍ വരുന്ന എല്ലാവരും വാവര് പള്ളിയില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മലകയറുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഈ കാരണങ്ങള്‍ കൊണ്ട് മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വാദങ്ങളും കേസില്‍ കേള്‍ക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വഖഫ് ബോര്‍ഡ്, മുസ്ലിം സംഘടനകള്‍, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ കോടതി തീരുമാനമെടുക്കാവൂയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഒരു പൊതുതാല്പര്യ വിഷയം എന്ന നിലയില്‍ പത്രപരസ്യം നല്‍കണമെന്നും സര്‍ക്കാര്‍ പറയുന്നു. പൊതു ജന ശ്രദ്ധ വിഷയത്തിലേക്ക് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ പറഞ്ഞു.
Discussion about this post