2010ലിറങ്ങിയ ചിത്രമായ ‘യന്തിരന്റെ’ രണ്ടാം ഭാഗമായി ‘2.0’ക്കെതിരെ പരാതിയുമായി സെല്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്. സെല്ലുലാര്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് (സി.ഓ.എ.ഐ) പരാതി നല്‍കിയത്. ചിത്രത്തില്‍ മൊബൈല്‍ ഫോണുകളെയും മൊബൈല്‍ ടവറുകളെയും മൊബൈല്‍ സര്‍വ്വീസിനെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ വാദം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനാണ് (സി.ബി.എഫ്.സി) ഇവര്‍ പരാതി നല്‍കിയിട്ടുള്ളത്. ചിത്രത്തിന് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണണെന്നും പരാതിയില്‍ പറയുന്നു.
ചിത്രത്തിലെ വില്ലന്‍ കഥാപാത്രം മൊബൈല്‍ ഫോണുകള്‍ പക്ഷികളിലും മൃഗങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പറയുന്നു. പരാതിക്ക് പരിഹാരം കാണുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം അനുവദിക്കരുതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം ചിത്രം നവംബര്‍ 29ന് റിലീസിങ്ങിനൊരുങ്ങുകയാണ്. ഇന്ന് ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങി. ലോകത്താകമാനം 10,500ലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസാവുക. ഏറ്റവും കൂടുതല്‍ സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോഡ് ‘2.0’ സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുന്‍പ് ‘ബാഹുബലി 2’ ആയിരുന്നു ഈ റെക്കോഡ് നേടിയത്. 2017ല്‍ ഇറങ്ങിയ ചിത്രം 9000ലധികം സ്ക്രീനുകളിലായിരുന്നു റിലീസ് ചെയ്തത്.
Discussion about this post