ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ യുവതാരങ്ങളാണ് ഷെയ്ൻ നിഗവും ഉണ്ണി മുകുന്ദനും. പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമായിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. റിയാലിറ്റി ഷോകളിലൂടെ തന്റെ കരിയർ ആരംഭിച്ച ഷെയ്ൻ, പിന്നീട് കുട്ടിക്കാലത്ത് സീരിയലുകളിലൂടെയും മുതിർന്നപ്പോൾ സിനിമകളിലൂടെയും തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇന്ന് ഒരു പിടി നല്ല ചിത്രങ്ങളുമായി തിരക്കുകളിലാണ് താരം.
ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായി ഇന്ന് നായകനടനായി നൂറ് കോടി ക്ലബിലും ഇടം പിടിച്ച താരമാണ് ഉണ്ണി മുകുന്ദൻ. വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരത്തിന് ഇന്ന് സ്വന്തമായി ഫിലിം പ്രൗഡക്ഷൻ ഹൗസിന്റെ ഉടമ കൂടിയാണ്.
ഇപ്പോഴിതാ നടൻ ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ ബാബുരാജ് നടി മഹിമ നമ്പ്യാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഷെയ്‌നിന്റെ ഈ പ്രവർത്തിയെ നഖശിഖാന്തം വിമർശിക്കുകയാണ് പ്രേക്ഷകർ. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെ
സ്വന്തം പടത്തിന്റെ പ്രൊമോഷൻ വേദിയിൽ കയറി ഇരുന്നു ആക്ഷേപിക്കുന്നതിലെ അപാകത പോലും തിരിച്ചറിയാൻ ഉള്ള ബോധം ഇല്ലേയെന്നാണ് ചോദ്യമുയരുന്നത്. മരണപ്പെട്ട സ്വന്തം പിതാവ് അബിയുടെ പേര് കളഞ്ഞുകുളിക്കുകയാണ് ഷെയ്ൻ എന്ന് വരെ വിമർശനം ശക്തമാകുന്നുണ്ട്.
ഇതിന് മുൻപും വിവാദങ്ങളിൽപ്പെട്ട യുവതാരമാണ് ഷെയ്ൻ. 2019 ൽ വെയിൽ എന്ന, ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഷെയിൻ മുടി മുറിച്ചത് വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു ചിത്രത്തിന്റെ തുടർച്ചയെ അത് ബാധിച്ചുവെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകനും നിർമാതാവും ഷെയിനിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ നിർമാതാവ് ജോബിയുടെ പരാതിയെ തുടർന്ന് ഷെയിൻ നിഗത്തിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിക്കുകയും ചെയ്തിരുന്നു.
2023 ൽ ആർ.ഡി.എക്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എഡിറ്റിങ്ങ് കാണണമെന്ന് വാശി പിടിക്കുകയും ഷൂട്ടിങ്ങിന് കൃത്യമായി എത്തുന്നില്ല എന്നിങ്ങനെയുള്ള പരാതികളെ തുടർന്ന് ഷെയിൻ നിഗത്തിന് 2023ൽ വീണ്ടും നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾ സംയുക്തമായി ചേർന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. എന്തായാലും ഉണ്ണിമുകുന്ദനെതിരായ ഈ അധിക്ഷേപ പരാമർശത്തെ താരസംഘടനകൾ എങ്ങനെയെടുക്കും എന്ന് ഉറ്റുനോക്കുകയാണ് സിനിമാപ്രേമികൾ. ഉണ്ണി മുകുന്ദനോട് ഇരട്ടത്താപ്പ് കാണിക്കുമോ എന്ന സംശയവും ഇതോടൊപ്പം ഉയരുന്നുണ്ട്.
Discussion about this post