പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായാണ് ഫഹദ് ഫാസില്‍ പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.ഇതൊരു കോമഡി എന്റര്‍ടെയിനര്‍ ആയിരിക്കുമെന്നാണ് വിവരം. ഫഹദ് കോമഡിക്ക് പ്രാധാന്യമുള്ള വേഷമാകും അവതരിപ്പിക്കുക. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ കീര്‍ത്തിയുടെ അച്ഛന്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദര്‍ശന്റെ ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവും സുരേഷ് കുമാറായിരുന്നു.
ആഗസ്റ്റ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ ചിത്രത്തിലെ സ്ഥിരം ചേരുവകളെല്ലാം ഈ ചിത്രത്തിലും ഉണ്ടായിരിക്കും. തിരുവാണ് കാമറ കൈകാര്യം ചെയ്യുന്നത്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രിയദര്‍ശന്‍ സിനിമയിലെ സ്ഥിരം അഭിനേതാക്കളെല്ലാം ഈ ചിത്രത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രിയദര്‍ശന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം ജയസൂര്യ നായകനായ ആമയും മുയലും ആയിരുന്നു. ബോക്‌സ് ഓഫീസില്‍ ഈ ചിത്രത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തതായി മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബഹുതാര ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യും.
Discussion about this post