(നിലപാട്) മനു എറണാകുളം
മിശ്ര വിവാഹത്തെ കുറിച്ച് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളിലും മറ്റും സജീവ ചര്‍ച്ചയാണ്. ബിഷപ്പ് എന്തോ മഹാ പ്രശ്നമുണ്ടാക്കി എന്ന മട്ടില്‍ കമ്മ്യൂണിസ്റ്റുകളും, സോഷ്യലിസ്റ്റുകളും, സംഘ പരിവാറുകളും പ്രതികരിച്ചു. എന്തിന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ പോലും ബിഷപ്പിന്റെ വാക്കുകളെ അുപലപിച്ചു കൊണ്ട് രംഗത്തെത്തി. ഒടുവില്‍ ഇടയന് തന്നെ ഖേദം പ്രകടിപ്പിച്ചു. പറഞ്ഞ വാക്കുകളില്‍ യാതൊരു ദുരുദ്ദേശവുമുണ്ടായിരുന്നില്ല എന്നാണ് ബിഷപ്പിന്റെ വിശദീകരണം.
അല്ലെങ്കിലും ബിഷപ്പ് പറഞ്ഞതില്‍ നല്ല ഉദ്ദേശം മാത്രമെ ഉള്ളു എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഇടുക്കി ബിഷപ്പിനോ സഭയ്ക്കോ അറിയാതെ പറ്റിപോയ അബദ്ധമല്ല പ്രസ്താവന. സഭയുടെ മനസ്സിസിരുപ്പ് അറിയാതെ പറഞ്ഞ പോലെ പറഞ്ഞു പോയി എന്നര്‍ത്ഥം.
ബിഷപ്പിന്റെ പ്രസംഗത്തിലെ വിവാദമായ പരാമര്‍ശങ്ങള്‍ നോക്കാം-
‘വിശ്വാസികളായ പെണ്‍കുട്ടികളെ ലൗ ജിഹാദും ചില ഹിന്ദു സംഘടനകളും ചേര്‍ന്ന് വഴിതെറ്റിക്കുകയാണ്.
‘ഒരു ഇടവകയില്‍ 100 വിവാഹങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ആറെണ്ണം മിശ്രവിവാഹമാണ്. മിശ്രവിവാഹം ക്രൈസ്തവവിശ്വാസങ്ങള്‍ക്ക് എതിരാണ്. സര്‍ക്കാര്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും നമ്മള് എതിര്‍ക്കണം. വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് ആരുടെ കൂടെയും ഇറങ്ങിപ്പോകാന്‍ പെണ്‍കുട്ടികള്‍ക്ക് കൂസലില്ല. ഇത് നാം ഗൗരവത്തോടെ കാണണം. ക്രൈസ്തവീയതയുടെയും പ്രബോധനത്തിന്റെയും അപര്യാപ്തതയാണ് ഇത് പ്രകടമാക്കുന്നത്.’
കുടുംബബന്ധങ്ങള്‍ തകരുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു് മിശ്രവിവാഹത്തിനെതിരെ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസംഗം. കഴിഞ്ഞ വര്‍ഷം 50,000 കുടുംബബന്ധങ്ങളാണ് കോടതിയിലൂടെ വേര്‍പ്പെട്ടതെന്നും. കുടുംബജീവിതത്തെയും ബന്ധങ്ങളെയും തകര്‍ക്കുന്ന സാമൂഹ്യതിന്മകളില്നിന്നും ദുഷ്ടശക്തികളില്‍നിന്നും നാം ഒഴിഞ്ഞുമാറണമെന്നും, സഭാമക്കള്‍ക്കും പൊതുസമൂഹത്തിനും ദിശാബോധം നല്കുന്ന ചാലകശക്തിയായി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
14ാം വയസ് വരെ വേദപാഠം പഠിക്കുകയും 18 വയസ് വരെ വീട്ടുകാര്‍ വളര്‍ത്തുകയും ചെയ്ത മകള്‍ വിശ്വാസവും പ്രബോധനത്തെയും ഉപേക്ഷിച്ച് മുസ്ലിമിന്റെയോ, ഏതെങ്കിലും ഓട്ടോക്കാരന്റെയോ, എസ്.എന്‍.ഡി.പിക്കാരുടെയോ കൂടെ പോകുന്ന അവസ്ഥയുണ്ട്. ഇത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണ്. ലൗവ് ജിഹാദ്, എസ്എന്‍ഡിപിയുടെ നിഗൂഢ ലക്ഷ്യങ്ങള്‍ എന്നിവയില്‍പെട്ട് കൃസ്ത്യന്‍ പെണ്‍കുട്ടികള്‍ സഭാ വിശ്വാസികള്‍ അല്ലാതായി കൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് പിന്തുടരുത്. ഇത് ശരിയല്ല. -ഇങ്ങനെ പോയി ബിഷപ്പിന്റെ ചിലര്‍ വിവാദമാക്കിയ പ്രസംഗം.
പ്രസംഗം നടന്നത് സഭ വിശ്വാസികള്‍ക്ക് മുന്നിലാണ്. അത് കൊണ്ട് തന്നെ പറയാനുള്ള കാര്യങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പറഞ്ഞതില്‍ ചില വാസ്തവവും ഉണ്ട്. പിന്നയെന്തിനി വിവാദങ്ങള്‍ എന്നാണ് സഭ വിശ്വാസികളുടെ ചോദ്യം.
കേരളത്തിലെ സംഘ പരിവാര്‍ സംഘടനകള്‍ കാലങ്ങളായി പറഞ്ഞു വരുന്ന കാര്യങ്ങള്‍ ( എസ്എന്‍ഡിപിയുടെ നിഗൂഢ ലക്ഷ്യം എന്ന ആരോപണം ഒഴികെ) തന്നെയാണ് ബിഷപ്പും പറഞ്ഞത്. ലൗവ് ജിഹാദ് എന്ന ആരോപണം വളരെ കാലങ്ങളായി സംഘപരിവാര്‍ സംഘടകള്‍ ആരോപിക്കുന്നതും അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതും പരസ്യമായ രഹസ്യമല്ല. തിരിച്ചടി എന്ന പോലെ മുസ്ലിം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളെ ഹിന്ദു യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിക്കുന്ന സാഹചര്യമുണ്ട് എന്ന വിമര്‍ശനങ്ങള്‍ പല മുസ്ലിം സംഘടനകളും രഹസ്യമായി ഉയര്‍ത്തിയിരുന്നു. ഇതേ ആശങ്ക തന്നെയാണ് എസ്എന്‍ഡിപിയ്ക്കെതിരെ ബിഷപ്പും ഉയര്‍ത്തിയത്.
മുസ്ലിം സമുദായത്തില്‍ പെടുന്ന യുവാക്കള്‍ ഹിന്ദു-ക്രിസ്ത്യന്‍ മതത്തില്‍ പെടുന്ന പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റി, വിവാഹം കഴിക്കുന്ന ലൗവ് ജിഹാദി ഗ്രൂപ്പുകള്‍ സജീവമാണെന്ന ആരോപണം കേരളത്തില്‍ സജീവമായി ഉയര്‍ത്തിയത് കേരള കാത്തലിക് ബിഷപ് കൗണ്‍സിലാണ്. 2009 ഒക്ടോബര്‍ 9ന് പുറത്തിറങ്ങിയ കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ മുഖ പത്രമായ ജാഗ്രതയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചു.
പള്ളികളില്‍ കുര്‍ബാനയ്ക്കിടെ ലൗവ് ജിഹാദ് ചര്‍ച്ച ചെയ്യപ്പെട്ടു. കൃസ്ത്യന്‍ സമൂഹത്തിനിടയില്‍ വലിയ ജാഗ്രതയ്ക്ക് ലേഖനം വഴിയൊരുക്കി. ലൗവ് ജിഹാദ് ഇതോടെ സംഘപരിവാറും ഹിന്ദു സംഘടനകളും വലിയ വിഷയമാക്കി. മാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയായി. ലൗവ് ജിഹാദ് വിഷയം സംഘപരിവാര്‍ ഏറ്റെടുത്തതോടെ സഭ പതുക്കെ പിന്‍വാങ്ങി. ലൗവ് ജിഹാദ് ഇല്ല എന്ന തലത്തില്‍ വരെ സഭ നിലപാട് മാറ്റി. ഹിന്ദു യുവതികളെ തികച്ചും ആസൂത്രിതമായി മുസ്ലിങ്ങള്‍ മാത്രമല്ല കൃസ്ത്യന്‍ യുവാക്കളും പ്രണിയിച്ച് മതം മാറ്റുന്നുവെന്ന ആരോപണം സംഘപരിവാര്‍ ഉന്നയിച്ചതോടെയായിരുന്നു സഭയുടെ പിന്മാറ്റം. മതുപിവര്ത്തനത്തിനെതിരായ വലിയ കാമ്പയിനായി വിഷയം മാറുന്ന എന്ന തിരിച്ചറിവാണ് ജാഗ്രത ലേഖനത്തെ പൂര്‍ണമായും നിരാകരിച്ച് കൈകഴുകാന്‍ ഇടയാക്കിയത്. സഭാ വിശ്വാസികള്ക്കകത്ത് ലൗവ് ജിഹാദിനെ കുറിച്ച് ജാഗ്രത പുലര്‍ത്തി പൊതുസമൂഹത്തില്‍ വിഷയം അപ്രസക്തമാക്കുകയായിരുന്നു സഭ ലക്ഷ്യമിട്ടത്.
ജാഗ്രത ലേഖനത്തെ പിന്നീടും പലതവണ സഭാ നേതൃത്വം തള്ളിപറഞ്ഞു, ലൗവ് ജിഹാദ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ശക്തമായി മാധ്യമങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയായപ്പോഴും കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ല എന്ന നിലപാടായിരുന്നു ക്രൈസ്തവ സഭ പ്രതിനിധികളും മറ്റും ചാനല്‍ ചര്‍ച്ചകളില്‍ നിലപാടെടുത്തത്. പൊടുന്നനെ വിഷയത്തില്‍ ഇടുക്കി ബിഷപ്പ് നിലപാട് മാറ്റി ചുവട്ടിയതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. എസ്എന്‍ഡിപിയ്ക്ക് ഇക്കാര്യത്തില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്നും, എസ്എന്‍ഡിപിക്കാര്‍ കൃസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നും ഉള്ള അഭിപ്രായപ്രകടനം അബദ്ധത്തില്‍ വീണു പോയാതാവാന് വഴിയില്ല. മൂന്ന് ലക്ഷ്യങ്ങളാണ് ഇടുക്കി ബിഷപ്പ് വിവാദപ്രസംഗം കൊണ്ട് ഉദ്ദേശിച്ചതെന്ന് വ്യക്തം
ഒന്ന് ചില മേഖലകളില്‍ നടക്കുന്ന മിശ്രവിവാഹം-പ്രത്യേകിച്ചും ഹിന്ദു യുവാക്കളും കൃസ്ത്യന്‍ പെണ്‍കുട്ടികളും തമ്മില്‍-സംബന്ധിച്ച് വിശ്വാസസമൂഹത്തെ ജാഗരൂകരാക്കുക. ബിഷപ്പിന്റെ പ്രസംഗം അപലപിക്കാന്‍ ഒരു ഞായറാഴ്ചയുള്‍പ്പടെ രണ്ട് ദിവസത്തെ ഇടവേള കെസിബിസിയ്ക്കും, ഖേദപ്രകടനം നടത്താന്‍ ബിഷപ്പിനും വേണ്ടി വന്നത് എന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന കുര്‍ബാനയില്‍ പല പള്ളികളിലും ബിഷപ്പിന്റെ പ്രസംഗം പരാമര്‍ശ വിഷയമായി. സഭാ വിശ്വാസികള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനവും പലയിടത്തും നടന്നു. ഫലത്തില്‍ പ്രസ്താവന കൊണ്ട് ബിഷപ്പ് ഉദ്ദേശിച്ച ഒരു കാര്യം നടന്നു.
എസ്എന്‍ഡിപി ഈയിടെ എടുക്കുന്ന ഹിന്ദുത്വ നിലപാടുകളെ പൊളിച്ചെഴുതുകയായിരുന്നു രണ്ടാമത്തെ ഉദ്ദേശം. വിഎച്ചപിയുമായും മറ്റും വെള്ളാപ്പള്ളി അടുക്കുന്നതും, ഘര്‍ വാപ്സി പോലുള്ള വിഷയങ്ങളില്‍ പരസ്യ പിന്തുണയുമായി എസ്എന്‍ഡിപി രംഗത്തെത്തിയതും സഭയെ പ്രകോപിപ്പിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് വിഷയം സമൂഹമധ്യത്തില്‍ ചര്‍ച്ചയാക്കാന്‍ സഭയ്ക്ക് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലൂടെ കഴിഞ്ഞത്.
മോദി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാക്കുന്നതിനും ഹിന്ദു സമുദായത്തിനെതിരെയുള്ള പ്രതികരണത്തിലൂടെ സഭയ്ക്ക് കഴിയും എന്ന സാധ്യതയും പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
ലൗവ് ജിഹാദ് ലേഖനമെഴുതുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തതിന് സമാനമായ സമീപനമാണ് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസംഗവിവാദത്തിലും ഉണ്ടായത്. ഉദ്ദേശിച്ച ഫലമുണ്ടാക്കിയ ശേഷം വിഷയം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് പിന്‍വാങ്ങുകയെന്ന പതിവ് രീതി ഈ വിഷയത്തിലും സഭാ നേതൃത്വം സ്വീകരിച്ചു.
എന്നാല്‍ എസ്എന്‍ഡിപി പോലുള്ള പ്രസ്ഥാനത്തെ ഇതില്‍ കരുവാക്കിയത് പക്ഷേ കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ ചര്‍ച്ച പക്ഷേ സഭയ്ക്ക് അത്ര ഗുണകരമാവില്ല എന്നാണ് വിലയിരുത്തല്‍. ഹിന്ദുത്വ നിലപാടുകള്‍ തുറന്ന് പ്രഖ്യാപിക്കുന്ന വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപിയ്ക്കും ഹിന്ദുസംഘടനകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ ഇരട്ടിപ്പിക്കാനും ഈ വിവാദം വഴിയോരുക്കും. മുസ്ലിം സമുദായത്തേക്കാള്‍ വലിയ തീവ്രവാദികളാണ് കൃസ്ത്യന്‍ മതസമൂഹമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന നിലപാട് പ്രഖ്യാപനമാണ്. മതേതരത്വം കൊട്ടിഘോഷിയ്ക്കപ്പെടുന്ന രാഷ്ട്രീയ സംഘടന കക്ഷി നേതാക്കള്‍ക്കും, പാര്‍ട്ടികള്‍ക്കും സഭയും എസ്എന്‍ഡിപിയും പരസ്പരം കൊമ്പു കോര്‍ക്കുന്നത് അത്ര ഗുണകരമാവില്ല. സഭയെ നുള്ളി നോവിക്കാതെ എസ്എന്‍ഡിപിയെ വിമര്‍ശിച്ചത് ശരിയായില്ല എന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവന ഇതിന്റെ പ്രതിഫലനമാണ്.
Discussion about this post