തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന വാദവുമായി എ.ഐ.എ.ഡി.എം.കെ രംഗത്ത്. തമിഴ്നാടിന്റെ കാവേരി വിഷയം പരിഹരിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയ്ക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് രജനീകാന്ത് പറഞ്ഞതാണ് എ.ഐ.എ.ഡി.എം.കെ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടിയുടെ മാഗസിനായ ‘നമദു അമ്മ’യിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
തന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മണ്ട്രം (ആര്.എം.എം) തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കുന്നില്ലെങ്കിലും തമിഴ്നാടിന്റെ കാവേരി വിഷയം പരിഹരിക്കാന്‍ കഴിവുള്ള പാര്‍ട്ടിക്ക് വേണം ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്ന് ഞായറാഴ്ച രജനീകാന്ത് അഭിപ്രായപ്പെട്ടിരുന്നു.
കാവേരി വിഷയം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും കാവേരി വാട്ടര്‍ മാനേജ്മെന്റ് ബോര്‍ഡ് സ്ഥാപിച്ചത് കേന്ദ്രത്തില്‍ ബി.ജെ.പിയുണ്ടായിരുന്നുപ്പോഴും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ ഉണ്ടായിരുന്നപ്പോഴുമായിരുന്നുവെന്ന് മാഗസിന് ചൂണ്ടിക്കാണിക്കുന്നു. കാവേരി-വൈകൈ-കുണ്ടരു നദികള്‍ തമ്മില്‍ യോജിപ്പിക്കാന്‍ വേണ്ട ചിലവിന്റെ 90 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടി പറയുന്നു.
രജനീകാന്തിന്റെ പ്രസ്താവനയുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ നിഘണ്ടു നോക്കേണ്ട കാര്യമില്ലെന്നും എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി-പി.എം.കെ സഖ്യത്തെയാണ് രജനീകാന്ത് പിന്തുണയ്ക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ വാദിക്കുന്നു.
Discussion about this post