തട്ടിപ്പ് കേസിലെ പ്രതിയായി ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയുടെ അറസ്റ്റിന് അലഹബാദ് ഹൈക്കോടതി സ്റ്റേ നല്കി. എന്നാല്‍ അന്വേഷണവുമായി പോലീസിനോട് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ബി.ജെ.പിയിലെ വിമത നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ കൂടിയായ സോനാക്ഷി സിന്‍ഹക്കെതിരെയും മറ്റ് 4 പേര്‍ക്കെതിരെയും മൊറാദാബാദിലെ കട്ഘര്‍ പോലീസ് സ്റ്റേഷനില്‍ ഒരു എഫ്.ഐ.ആര് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പരിപാടിയുടെ സംഘാടകന്‍ പ്രമോദ് ശര്‍മ്മയില്‍ നിന്നും 37 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി സോനാക്ഷി പണം മേടിച്ച ശേഷം അവസാന നിമിഷം വന്നില്ലെന്ന് പ്രമോദ് ശര്‍മ്മ പറഞ്ഞു. ഇതിലൂടെ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും പ്രമോദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ സോനാക്ഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴൊക്കെ പോലീസിന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം എഫ്.ഐ.ആര് റദ്ദാക്കണമെന്ന സോനാക്ഷി സിന്‍ഹയുടെ ആവശ്യം കോടതി തള്ളി.
Discussion about this post