ഐ.പി.എല്ലില്‍ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ദയനീയ തോല്‍വി. 156 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ 46 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയ്ക്ക് മുംബൈയുടെ ബൗളിംഗ് കരുത്തിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ തകര്‍ന്നടിയുകയായിരുന്നു.
മുന്‍ നിരതാരങ്ങളെല്ലാം തുടക്കം മുതലെ ഗ്രൗണ്ട് വിട്ട മത്സരത്തില്‍ 35 പന്തില്‍ 38 റണ്‍സെടുത്ത മുരളി വിജയ് മാത്രമാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. രണ്ട് ഓവറും രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈയുടെ തോല്‍വി. ചെന്നൈ 10 വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു.
ലസിത് മലിംഗ 4 ഉം ബുംറ രണ്ടും വിക്കറ്റുകള്‍ നേടി. മലിംഗയാണ് ചെന്നൈ തോല്‍വിക്ക് അടിത്തറ പാകിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 155 റണ്‍സെടുക്കുകയായിരുന്നു. ചെന്നൈ ബൗളര്‍മാര്‍ തുടക്കത്തിലെ പിടിമുറക്കിയപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിതിനും(67), എവിന്‍ ലെവിസിനും(32) മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങാനായത്. ചെന്നൈക്കായി സാന്റ്നര്‍ രണ്ടും താഹിറും ചഹാറും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് ഡികോക്കിനെ(15) തുടക്കത്തിലെ നഷ്ടമായെങ്കിലും ലെവിസും നായകന് രോഹിത് ശര്‍മ്മയും മതില്‍കെട്ടി. രണ്ടാം വിക്കറ്റില്‍ 75 റണ്‍സ്. 13-ാം ഓവറില്‍ സാന്റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 റണ്‍സെടുത്ത ലെവിസ് പുറത്തായ ശേഷം വന്ന ക്രുനാല്‍(1) വന്നപോലെ മടങ്ങി. അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് 48 പന്തില്‍ 67 റണ്‍സെടുത്ത് നില്‍ക്കവെ 17-ാം ഓവറില്‍ മടങ്ങി. സാന്റ്നര്‍ക്കായിരുന്നു രോഹിതിന്റെ വിക്കറ്റ്.
Discussion about this post