പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കൗമാരക്കാര്‍ വ്യാപകമായി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേരുന്നത് തടയുന്നതിനായി ബ്രിട്ടിഷ് സര്‍ക്കാര്‍ റേഡിയൊ കാമ്പയിന് നടത്തുന്നു. ബ്രിട്ടണില്‍ ഉടനീളം നടത്തി വരുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് റേഡിയോ ക്യാംപെയിനും നടത്തുന്നത്. ബോധവത്ക്കരണ സന്ദേശങ്ങളാണ് റേഡിയോ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലണ്ടന്‍ നഗരത്തില്‍നിന്നുള്ള മൂന്ന് സ്കൂള്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് നാടുവിട്ടത് ബ്രിട്ടനില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ഈ അടുത്ത കാലത്ത് മാത്രം 43 ഓളം പെണ്‍കുട്ടികള്‍ ബ്രിട്ടണില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ടെന്നാണ് യുകെ പൊലീസിന്റെ പക്കലുള്ള കണക്കുകള്‍. ഓണ്‍ലൈന്‍ റിക്രൂട്ടേഴ്സും മറ്റും ബ്രിട്ടണ് കേന്ദ്രീകരിച്ച് സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
ജോലി വാഗ്ദാനം നല്‍കിയും,ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിച്ചുമാണ് പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ആകര്‍ഷിക്കുന്നത്. ഇതിനായി വന്‍തുക തന്നെ ഐഎസ് ചിലവഴിക്കുന്നുണ്ട്. അതേസമയം ഇസ്ലാമിക സ്റ്റേറ്റില്‍ പോരാളികളായി ചേരാന്‍ പോകുന്ന പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലൈംഗിക അടിമകളാകാന്‍ വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതും പതിവാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇത്തരം ക്രൂരതകള്‍ ചെറുപ്പക്കാരിലേക്ക് എത്തിച്ചാല്‍ തന്നെ ഐഎസില്‍ ചേരുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന് സാധിക്കുമെന്നാണ് മെട്രൊപൊലീറ്റന്‍ പൊലീസും തീവ്രവാദ വിരുദ്ധ സേനയും കരുതുന്നത്.
Discussion about this post