ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പുതിയൊരു റെക്കോര്‍ഡും സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. 300 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായി ബാഹുബലി മാറിക്കഴിഞ്ഞു.. ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ഇതുവരെ സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ എന്തിരനൊപ്പമായിരുന്നു. ഏകദേശം 290 കോടി രൂപയാണ് രജനികാന്തിന്റെ എന്തിരന് ചിത്രം നേടിയിരുന്നത്. ഈ റെക്കോര്‍ഡും ഇനി ബാഹുബലിക്ക് മുന്നില്‍ തലകുനിക്കും.
കഴിഞ്ഞ ദിവസം വരെ ബാഹുബലി ആഗോള ബോക്സ് ഓഫീസില്‍ നിന്നും 303 കോടി സ്വന്തമാക്കി.ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു മാത്രം അമ്പത് കോടിയോളം രൂപ ലഭിച്ചു. ഇതാദ്യമായിട്ടാണ് മൊഴിമാറ്റിയെത്തുന്ന ഒരു ചിത്രം ബോളിവുഡില്‍ ഇത്രയധികം പണം വാരുന്നത്. സല്‍മാന്റെ ഭജ്രംഗി ഭായ്ജാന് തിയേറ്ററുകളിലെത്തിയെങ്കിലും അതൊന്നും ബാഹുബലിയുടെ കളക്ഷനെ ബാധിച്ചിട്ടില്ല.
സംവിധായകന് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ബാഹുബലിയുടെ ഹിന്ദി പതിപ്പ് ബി ടൗണിലെത്തിച്ചത്. തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ മലയാളത്തിലും മൊഴിമാറ്റിയാണ് എത്തിയിരിക്കുന്നത്.
250 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം റിലീസ് ദിനത്തില്‍ തന്നെ റെക്കോര്‍ഡിട്ടിരുന്നു. 50 കോടി വാരി റിലീസ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡോടെയായിരുന്നു തുടക്കം. പിന്നെ അതിവേഗം 100 കോടി ക്ലബിലും 200 കോടി ക്ലബിലും ഇടംപിടിച്ച് വാര്‍ത്തയായി. വിദേശ ബോക്സ് ഓഫീസിലും ബാഹുബലി റെക്കോര്‍ഡിട്ടു. ഹാപ്പി ന്യൂയറിന്റേയും പി.കെയുടേയും റെക്കോര്‍ഡാണ് ഈ കണക്കില്‍ ബാഹുബലി തിരുത്തിയത്.
പൗരാണിക പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പ്രഭാസും റാണാ ദഗുബട്ടിയുമാണ് മുഖ്യവേഷത്തില്‍. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടിയും തമന്നയും രമ്യാ കൃഷ്ണനും മുഖ്യവേഷത്തിലുണ്ട്. ബാഹുബലി 2 അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
Discussion about this post