അനുഷ്ക ശർമയ്ക്കു ചായകൊടുക്കുന്നവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫറൂഖ് എൻജിനിയർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്കയോടാണ് ഫറൂഖ് എൻജിനിയർ മാപ്പ് പറഞ്ഞത്. ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഫറൂഖ് എൻജിനിയർ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്.
തന്റെ പരാമർശം അനുഷ്കയ്ക്കു നേരെയായിരുന്നില്ല ഇന്ത്യൻ സെലക്ടർമാർക്കെതിരെയായിരുന്നു വിമർശനമെന്നും അദ്ദേഹം പറഞ്ഞു. താൻ തമാശയായി പറഞ്ഞ കാര്യത്തെ പെരുപ്പിച്ചു കാട്ടിയെന്നും അദ്ദേഹം റിപ്പബ്ലിക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. പാവം അനുഷ്കയെ ഇതിലേക്ക് വലിച്ചിഴച്ചു. കോഹ്ലി സമർഥനായ ക്യാപ്റ്റനാണ്. പരിശീലകൻ രവിശാസ്ത്രിയും അതുപോലെ തന്നെ മികച്ചയാളാണെന്നും ഫറൂഖ് എൻജിനിയർ അഭിമുഖത്തിൽ പറഞ്ഞു
കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുകൊടുക്കുന്നതാണ് സെലക്ഷൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ജോലിയെന്നും ഒരു യോഗ്യതയുമി ല്ലാത്തവരാണ് ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നുമായിരുന്നു ഫറൂഖ് എൻജിനിയറുടെ വിവാദ പരാമർശം. മുൻ താരം എം.എസ്.കെ പ്രസാദ് ചെയർ മാനായ കമ്മിറ്റിയെ മിക്കി മൗസ് സെലക്ഷൻ കമ്മിറ്റി എന്നാണ് ഫറൂഖ് എൻജിനിയർ വിശേഷിപ്പിച്ചത്. ടീം തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി വ ലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഫറൂഖ് ആരോപിക്കുന്നു. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിനിടയിലെ ഒരു മോശം അനുഭവം വിവരിച്ചാണ് ഫാറൂഖ് എൻജിനീയർ സെലക്ഷൻ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ചത്.
പിന്നാലെ, എൻജിയറുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അനുഷ്ക ശർമയെത്തി. തെറ്റായ കഥകളിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കുകയാണ്. ഇതിലെ പുതിയ നുണ ലോകകപ്പ് മത്സരത്തിനിടെ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ തനിക്കു ചായ കൊണ്ടു തന്നുവെന്നതാണ്. ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് താനെത്തിയതെന്നു അന്ന് ഫാമിലി ബോക്സിലിരുന്നാണ് മത്സരം കണ്ടത്. അല്ലാതെ സെലക്ടർമാരുടെ ബോക്സിൽ ഇരുന്നില്ലെന്നും അനുഷ്ക ട്വിറ്ററിലെ പ്ര സ്താവനയിൽ പ്രതികരിച്ചു
ഇത്തവണ എന്നെക്കുറിച്ച് പടച്ചുവിട്ട അപവാദം വളരെയധികം വേദനിപ്പിച്ചു. അതുകൊണ്ടാണ് ആദ്യമായി നിശബ്ദത വെടിയാൻ ഞാൻ തീരുമാനിച്ചത്. എന്നോടുള്ള അവരുടെ പെരുമാറ്റം വളരെ ക്രൂരവും ഭീകരവും തീർത്തും അധപതിച്ചതും വിദ്വേഷജനകവുമാണ്. അ ഈ നിശബ്ദതയെ എന്റെ ദൗർബല്യമായി കാണരുതെന്ന മുന്നറിയിപ്പെന്ന നിലയിലാണ് ഇക്കുറി മൗനം വെടിയാൻ ഞാൻ തീരുമാനിച്ചത്.
മറ്റൊരാളുടെ ചിന്താരീതിക്കും വിശ്വാസങ്ങൾക്കും നിഗൂഢ താൽപര്യങ്ങൾക്കുമനുസരിച്ച് തോന്നുംവിധം എടുത്തുപയോഗിക്കാവുന്ന ആളല്ല ഞാൻ. ഇനിയങ്ങോട്ട് നിങ്ങൾക്ക് ആരെയെങ്കിലും അതു ബിസിസിഐ ആയാലും എന്റെ ഭർത്താവായാലും വിമർശിക്കണമെങ്കിൽ വസ്തുതകൾ നിരത്തി അതു ചെയ്യുക. എന്നെ വിട്ടേക്കുക. വളരെ കഷ്ടപ്പെട്ടാണ് ഞാൻ എന്റെ കരിയറും ജീവിതവും രൂപപ്പെടുത്തിയെടുത്തത്. അത് ഒന്നിന്റെയും പേരിൽ ബലികഴിക്കാൻ ഞാൻ തയാറല്ല. നിങ്ങളിൽ ചിലർക്ക് ഇതൊന്നും അത്ര വിശ്വാസം വരുന്നില്ലായിരിക്കാം. ഒന്നോർക്കുക. ഞാനും വളരെയധികം ആത്മാഭിമാനമുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീയാണ്. ഒരു ക്രിക്കറ്റ് താരത്തെ വിവാഹം ചെയ്തെന്നേയുള്ളൂ.
Discussion about this post