സ്പാനിഷ് താരം കാര്‍ലോസ് മര്‍ച്ചേന കേരളബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ താരമാകും. ഇന്നായിരുന്നു മാര്ക്വീതാരത്തെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം. കേരള ബ്ലാസ്റ്റേഴ്സ് ഒഴിച്ച് മറ്റ് ഏഴു ടീമുകളും മാര്‍ക്വീ താരത്തെ പ്രഖ്യാപിച്ചിരുന്നു.
കാര്‍ലോസ് മര്‍ച്ചേന ലോപ്പസ് എന്ന ഈ പ്രതിരോധ ഭടന് ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും തിളങ്ങുന്ന താരമാണ്. 2002 മുതല്‍ 2011 വരെ സ്പെയിനിന്റെ ദേശിയ കുപ്പായത്തില്‍ കളിച്ച മര്‍ച്ചേന 2008ലെ യൂറോകപ്പും 2010ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. 2009ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്പാനിഷ് ടീമിലും മര്‍ച്ചേന അംഗമായിരുന്നു. വലന്‍സിയ ക്ലബ്ബിനുവേണ്ടി 230 മല്‍സരങ്ങള്‍ മര്‍ച്ചേന കളിച്ചിട്ടുണ്ട്.
2.1 കോടി രൂപയാണ് ട്രാസ്ഫര്‍ മാര്‍ക്കറ്റില്‍ 35 കാരനായ മര്‍ച്ചേനയുടെ വില. ഇതോടെ ഐ.എസ്.എല്ലിലെ എല്ലാ ടീമുകളും മാര്ക്വീതാരങ്ങളെ പ്രഖ്യാപിച്ചു.
ടീമുകളും മാര്‍ക്വി താരങ്ങളും
അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത- ഹെല്‍ഡര്‍ പോസ്റ്റീഗ (പോര്‍ചുഗല്‍)
ചെന്നൈയിന് എഫ്സി- എലാനോ ബ്ലൂമെര് (ബ്രസീല്‍)
ഡല്‍ഹി ഡൈനാമോസ്- റോബര്‍ട്ടോ കാര്‍ലോസ് (ബ്രസീല്‍)
ഗോവ- ലൂസിയോ (ബ്രസീല്‍)
പൂണെ സിറ്റി- അഡ്രിയന്‍ മുട്ടു (റുമേനിയ)
മുംബൈ എഫ്സി-നിക്കോളസ് അനെല്‍ക്ക (ഫ്രാന്‍സ്)
കേരള ബ്ലാസ്റ്റേഴ്സ്- കാര്‍ലോസ് മര്‍ച്ചേന (സ്പെയിന്)
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-സിമാവോ (പോര്‍ചുഗല്‍)
Discussion about this post