ജനീവ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോളയെന്ന മാരകരോഗത്തെ ചെറുക്കാന്‍ മരുന്ന് കണ്ടുപിടിച്ചതായി സൂചനകള്‍. എബോളയെ പ്രതിരോധിക്കാന്‍ ഇതുവരെ യാതൊരു മാര്‍ഗങ്ങളും കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ ഇതിനായി 2013 മുതല്‍ ലോകാരോഗ്യസംഘടന നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടുവെന്നാണു ലഭ്യമാകുന്ന സൂചനകള്‍.പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാരംഭിച്ച പരീക്ഷണങ്ങളാണ് വിജയകരമെന്നു തെളിഞ്ഞത്.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്കില്‍ വികസിപ്പിച്ചെടുത്ത വിഎസ്വി ഇബിഒവി എന്ന മരുന്നാണ് അസാധാരണമായ ഫലസൂചനകള്‍ നല്കിത്തുടങ്ങിയതെന്നാണു വിവരങ്ങള്‍.ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്ടിയേഴ്സും ലോകാരോഗ്യസംഘടനയും ചേര്‍ന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്. എബോള ബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ഈ പ്രതിരോധമരുന്ന് കുത്തിവച്ചുവെന്നും ഇതിന്റെ ഫലം അത്ഭുതാവഹമായിരുന്നുവെന്നുമാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ഫലപ്രദമെന്നു തെളിഞ്ഞതോടെ, എബോള രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയതുമൂലം രോഗഭീഷണി നേരിടുന്ന കൂടുതല്‍ പേര്‍ക്ക് ഇതേ മരുന്നു നല്കാന് തീരുമാനിച്ചു.
Discussion about this post