ഡൽഹി: 2019 ഫെബ്രുവരി മാസം 14ആം തീയതി രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. പുൽവാമ ഭീകരാക്രമണം മുൻനിർത്തിയായിരുന്നു ബിജെപി 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നായിരുന്നു ഉദിത് രാജിന്റെ പരാമർശം. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും സമാനമായ രീതിയിൽ ആക്രമണം ഉണ്ടാകുമെന്നും രാജ് അഭിപ്രായപ്പെട്ടു.
പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾ നേരത്തെ വിവാദമായിരുന്നു. രാഹുൽ ഉന്നയിച്ച ചോദ്യങ്ങളെയും ഉദിത് രാജ് പിന്താങ്ങി. കേന്ദ്രസർക്കാർ സാംഭവം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു എന്ന തരത്തിലായിരുന്നു കോൺഗ്രസ്സ് നേതാക്കളുടെ പ്രതികരണങ്ങൾ.
ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് സി ആർ പി എഫ് ജവാന്മാരുമായി പോയ വാഹനങ്ങളുടെ നേർക്കായിരുന്നു പുൽവാമയിൽ വെച്ച് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 40 സി ആർ പി എഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടന്നതിന്റെ പന്ത്രണ്ടാം ദിവസം പാകിസ്ഥാനിലെ ബലാക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകരക്യാമ്പുകളിൽ മിന്നലാക്രമണങ്ങൾ നടത്തിയ ഇന്ത്യ 300ൽ പരം ഭീകരരെ വധിച്ചിരുന്നു.
Discussion about this post