പാര്‍ലമെന്റ് സ്തംഭനത്തിന്റെ കാരണവും, പ്രതിപക്ഷ-ഭരണപക്ഷ നിലപാടുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആരെയും കുറ്റപ്പെടുത്താനോ, വിമര്‍ശിക്കാനോ അല്ല എന്നിട്ടും ഈ കുറിപ്പ്. വോട്ടവകാശം വിനിയോഗിച്ച് വെറുതെയെല്ലാം കണ്ടും കേട്ടും..അടുത്ത തെരഞ്ഞെടുപ്പിലെ പരിമിത ചോയ്സിന് മുന്നില്‍ നടുവളച്ച് വോട്ട് സമര്‍പ്പിക്കുന്ന ഒരു ജീവിയുടെ ആത്മഗതമായി മാത്രം കണ്ടാലും മതി. ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരു പാട് പേര് ഈ കുറിപ്പിന് അടിയില്‍ ഒരു ചെറിയ കയ്യൊപ്പ് പതിക്കുമെന്ന് കരുതുന്നു. ലളിത് മോദി വിഷയത്തില്‍ ബ്രിട്ടനില്‍ കഴിയുന്ന ലളിത് മോദിയെ മറ്റൊരു രാജ്യത്തേക്ക് വിസ അനുവദിക്കുന്നതിന് സഹായിച്ചുവെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ഉയര്‍ന്ന ആരോപണം..ആരോപണത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രിയ്ക്ക് അവകാശമുണ്ട്. അത് പാര്‍ലമെന്റിലായാലും പുറത്തായാലും..വിഷയം സജീവ ചര്‍ച്ചയായിരിക്കെയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം തുടങ്ങുന്നത്. സ്വഭാവികമായും ഏതെങ്കിലും ഏജന്‍സിയോ കോടതിയോ കുറ്റവാളിയാണ്, അല്ലെങ്കില്‍ തെറ്റ് ചെയ്തു എന്ന് പറയുകയെങ്കിലും ചെയ്യാതെയിരിക്കെ..രാജിയ്ക്ക് ശേഷം മറുപടി എന്ന തീരുമാനത്തിലെത്തുന്നതില്‍ ഒരു ജനാധിപത്യവിരുദ്ധതയില്ലേ…?
പാര്‍ലമെന്റില്‍ വിഷയം തുടക്കത്തില്‍ തന്നെ ചര്‍ച്ച ചെയ്യുകയും,സുഷമ സ്വരാജിന്റെ വിശദീകരണം കേട്ട ശേഷം അതിനെ ജനങ്ങള്‍ക്കും പാര്‍ലമെന്റിനും മുന്നില്‍ പൂര്‍ണമായും ഖണ്ഡിക്കാന്‍ കഴിയുകയും ചെയ്താല്‍ രാജി ആവശ്യംഉന്നയിക്കുന്നത് കുറച്ച് കൂടി ജനാധിപത്യപരമാവുമായിരുന്നില്ലേ…? അതല്ലേ ഒരു നാട്ടുമര്യാദ. ലളിത് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിച്ചില്ല എന്നാണ് സുഷമ സ്വരാജിനെതിരെയുള്ള പരാതി എങ്കില്‍ ഇക്കാലവും ഒരു ഇന്റര്‍പോള്‍ വാറണ്ട് പോലും പുറപ്പെടുവിക്കാതിരുന്നവരും തെറ്റുകാരല്ലേ…? ബ്രിട്ടന്റെ നിയമപ്രകാരം വിസ അനുവദിക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പില്ല എന്ന് പറയുന്നതിലെ ക്രമക്കേട് എന്തുമാകട്ടെ..അത് ചര്‍ച്ച ചെയ്യാനും, വിലയിരുത്താനും പാര്‍ലമെന്റ് വേദിയാക്കാതിരുന്നത് എന്ത് കൊണ്ടാണ്…? സുഷമ സ്വരാജിന്റെ ഭാഗത്ത് നിന്നുണ്ടായത് വലിയ ക്രമക്കേടെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സംവിധാനം കൂടി ഈ രാജ്യത്തില്ലേ…അത്തരമൊരു മൂവ്മെന്റ് എന്ത് കൊണ്ട് കോണ്‍ഗ്രസിന്റേയോ, പ്രതിപക്ഷത്തിന്റേയോ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ? വ്യാപം, ലളിത് മോദി വിഷയത്തില്‍ മധ്യപ്രദേശ്, രാജസ്ഥാന് മുഖ്യമന്ത്രിമാര്‍ രാജിവെക്കണമെന്ന ആവശ്യം അതത് സംസ്ഥാനനിയമസഭകളിലല്ലേ ഉന്നയിക്കേണ്ടത്.
എംപിമാരുടെ സസ്പെന്‍ഷനും മറ്റുമായി ജനങ്ങളെ പാടെ അവഗണിച്ച പാര്‍ലമെന്റ് സെഷനില്‍ ഇടത്പക്ഷത്തിന്റെ ചരിത്രപരമായ നിലപാടും ശ്രദ്ധേയമായി. കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള അവരുടെ തീരുമാനം അവര്‍ക്ക് ശക്തിയുള്ള കേരളത്തില്‍ കോണ്‍ഗ്രസും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും. ആയിരിക്കെ എന്ത് രാഷ്ട്രീയഗുണമാണ് ഉണ്ടാക്കുക. ഇടത് പക്ഷത്തിന് വോട്ട് ചെയ്യുന്നതിലും, കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതിലും വലിയ വ്യത്യാസമില്ല എന്ന നിലപാട് കോണ്‍ഗ്രസിനല്ലേ ഇനി ഗുണം ചെയ്യുക..? ചരിത്രപരമായ മണ്ടത്തരങ്ങള്‍ പിന്നീട് തിരിച്ചറിയുന്ന എല്‍ഡിഎഫ് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നത് എപ്പോഴാണ്. ? എന്തായാലും പാര്‍ലമെന്റ് സമ്മേളനം എംപിമാരുടെ ഡല്‍ഹി ടൂറായും, കൂക്കിവിളിയായും അവസാനിച്ചു. എന്ത് ഗുണമാണ് ഇത്തരം പ്രതിഷേധം കൊണ്ട് ജനങ്ങള്‍ക്കുണ്ടായി എന്ന് പറഞ്ഞ് തരുന്നത് നന്നാവും…
കോണ്‍ഗ്രസില്‍ ഈ കുടുംബത്തിന് പുറത്ത് നിന്ന് ഒരു നേതാവുണ്ടാവില്ല എന്ന് പ്രഖ്യാപിക്കാനായിരുന്നു സോണിയ പ്രതിഷേധത്തിനിടെ ശ്രമിച്ചത്. രാഹുല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് ഉടന്‍ എത്തുമെന്ന് സോണിയ പറയാതെ പറഞ്ഞ് വെക്കുകയായിരുന്നു. കുടുംബ വാഴ്ചയില്‍ നിന്ന് ആ പാര്‍ട്ടി രക്ഷപ്പെടാന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും. വൈര്യനിര്യാതന ബുദ്ധിയോടെ ഭരണപക്ഷത്തെ പ്രതിപക്ഷം നേരിടുന്നഒട്ടും ജനാധിപത്യത്തിന് ഭൂഷണമമല്ലാത്ത നീക്കങ്ങളും ഇത്തവണ പാര്‍ലമെന്റ് സമ്മേളനത്തനിടെ ഉണ്ടായി. ഇത് ഇനിയും ശക്തമാകുമെന്ന് തന്നെയാണ് ഈ പാര്‍ലമെന്റ് സ്തംഭനവും തെളിയിക്കുന്നത്. പ്രതിഷേധത്തില്‍ ഒലിച്ച് പോയ സമ്മേളനം ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്…തോല്ക്കാന് ജനങ്ങളുടെ ജീവിതം പിന്നെയും ബാക്കിയെന്ന്.. എംപിമാരുടെ ശബളവും ആനുകൂല്യവും വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്ശയെങ്ങാനും കൊണ്ടുവന്നെങ്കില്‍ സഭ കൃത്യമായി നടന്നേനെ എന്ന പാവം നാട്ടുകാരന്റെ കമന്റ് ജനങ്ങള്‍ ഇവരെയൊക്കെ എങ്ങിനെ കാണുന്നുവെന്നതിന് തെളിവാണ്…
Discussion about this post