പുൽപ്പള്ളി: ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കി വീട്ടിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ഹോം മാനേജർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. വയനാട്ടിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം മാനേജർ പാളക്കൊല്ലി ഉദയക്കര രഞ്ജിത്ത് ദാസിനാണ് മർദ്ദനമേറ്റത്.
വ്യാഴാഴ്ച വൈകീട്ടോടെ പുൽപ്പള്ളി ട്രാഫിക് ജംഗ്ഷനിൽ വച്ചായിരുന്നു രഞ്ജിത്തിന് മർദ്ദനമേറ്റത്. ടൂറിസ്റ്റ് ഹോമിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ താമസിക്കുന്നതായി രഞ്ജിത്ത് പറയുന്നു. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറച്ചശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ട്രാഫിക് ജങ്ഷനില്‍ പോലീസ് തടഞ്ഞത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ജോലിചെയ്യുന്ന ടൂറിസ്റ്റ് ഹോം വിട്ടുകൊടുത്തിട്ടുണ്ടെന്നും ഇവിടത്തെ ജോലി കഴിഞ്ഞശേഷം വീട്ടിലേക്ക് പോവുകയാണെന്നും പൊലിസിനോട് പറഞ്ഞു. തുടര്‍ന്ന് തന്റെ ഫോണില്‍ ടൂറിസ്റ്റ് ഹോം ഉടമയെവിളിച്ച് പോലീസുകാര്‍ക്ക് നല്‍കാനൊരുങ്ങുമ്പോഴാണ്, ഒരു പോലീസുകാരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചത്. ഇതിനുപിന്നാലെ മറ്റുപോലീസുകാരും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.
മർദ്ദനമേറ്റതിനെ തുടർന്ന് പുല്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയ രഞ്ജിത്തിനെ, നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിശദപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുറത്തും നടുവിനും കൈകാലുകളിലുമായി 28-ലേറെ ഭാഗത്ത് ലാത്തിയടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ലാത്തിയടിയേറ്റ യുവാവിന് എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്ത അവസ്ഥയാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ച്ച് ആദ്യവാരം അടച്ചിട്ട ടൂറിസ്റ്റ് ഹോം പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും ആവശ്യപ്പെട്ടത് പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാന്‍ തുറന്നുകൊടുത്തതെന്നും ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ വീട്ടിലായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തിയതാണെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാൽ ഹോട്ടല്‍ ജീവനക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിനാണ് തടഞ്ഞുനിര്‍ത്തിയതെന്നുമാണ് പുല്പള്ളി പോലീസിന്റെ ഭാഷ്യം.
Discussion about this post