മലപ്പുറം: കൊറോണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരോഗ്യ പ്രവർത്തകന് നേരെ ആക്രമണം. താനൂർ പന്താരകടപ്പുറം പൗറുകടവത്ത് ജാബിർ(27) ആണ് ആക്രമിക്കപ്പെട്ടത്. ട്രോമാ കെയർ പ്രവർത്തകനായ ഇദ്ദേഹത്തെ പുലർച്ചെ നാല് മണിയോടെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ട്രോമാ കെയറിന്റെ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജാബിറിനെ വഴിയിൽ തടഞ്ഞു നിർത്തി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രോമാ കെയർ പ്രവർത്തനത്തോടൊപ്പം ലോക്ക് ഡൗൺ പ്രവർത്തനങ്ങളിലും ജാബിർ പൊലീസിനെ സഹായിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാവാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നേരെ സംസ്ഥാനത്ത് പലയിടത്തം ആക്രമണങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കൊല്ലത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Discussion about this post