മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം പുന:സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദർശന്റെ തീരുമാനം ശരിവച്ച് ചരിത്ര വിജയവുമായി പരമ്പര ജൈത്രയാത്ര തുടരുന്നു. ഇതിഹാസകാവ്യമായ രാമായണത്തെ അധികരിച്ച് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് ദൂരദർശൻ സംപ്രേക്ഷണം ചെയ്ത പരമ്പരയുടെ രണ്ടാം വരവിനെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതായാണ് റേറ്റിംഗ് കണക്കുകൾ നൽകുന്ന സൂചന.
കഴിഞ്ഞ ശനിയാഴ്ച സംപ്രേക്ഷണം ആരംഭിച്ച പരമ്പര നാല് ദിവസം കൊണ്ട് 170 ദശലക്ഷം പേരാണ് കണ്ടിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം ബാർക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദി വിനോദ പരിപാടികളിലെ സർവ്വകാല റെക്കോർഡായി ഇത് വിലയിരുത്തപ്പെടുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബസദസ്സുകളാണ് പരമ്പരയെ ഏറ്റെടുത്തിരിക്കുന്നത്. ഒരു തലമുറയുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയായ രാമായണം പരമ്പരയുടെ പുനസംപ്രേക്ഷണവും വിജയമാകുമെന്ന് കരുതിയിരുന്നെങ്കിലും ഇത്ര വലിയ പ്രേക്ഷക പ്രീതി അത്ഭുതപ്പെടുത്തിയെന്ന് ബാർക് ചീഫ് എക്സിക്യൂട്ടീവ് സുനിൽ ലല്ല പറഞ്ഞു. പ്രസാർ ഭാരതിയുടെ ഈ നീക്കം ഗംഭീരമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശനിയാഴ്ച രാവിലത്തെ ആദ്യ ഭാഗം 34 ദശലക്ഷം ആളുകളാണ് കണ്ടത്. അതിന് 3.4 ശതമാനം റേറ്റിംഗ് കിട്ടിയപ്പോൾ അതേ ദിവസം വൈകുന്നേരം 45 ദശലക്ഷം കാഴ്ചക്കാരുമായി റേറ്റിംഗ് 5.2 ശതമാനത്തിലേക്ക് കുതിച്ചു കയറി.
ഞായറാഴ്ച രാവിലെ 40 ദശലക്ഷവും വൈകുന്നേരം 51 ദശലക്ഷവും ആളുകൾ പരമ്പര ടിവിയിൽ കണ്ടു. ഈ നിലയിൽ മുന്നോട്ട് പോവുകയാണെങ്കിൽ പരസ്യവരുമാനത്തിലൂടെ വൻ നേട്ടങ്ങൾ പ്രസാർ ഭാരതിക്ക് കൊയ്യാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.












Discussion about this post