കോവിഡ്-19 രോഗം ബാധിച്ചുവെന്ന സംശയത്താൽ കുറിപ്പ് എഴുതി വെച്ച് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ, സൗത്ത് കൊണ്ടാഴി കൊട്ടേകാട്ടിൽ പവിത്രൻ (49) എന്നയാളാണ് ആത്മഹത്യ ചെയ്തത്.ഒലിച്ചി മേഖലയിലുള്ള റബ്ബർതോട്ടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ ഇയാളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തുകയായിരുന്നു.തന്റെ കുടുംബത്തെ നിരീക്ഷണത്തിൽ ഇരുത്തണമെന്നും സംരക്ഷിക്കണമെന്നും അപേക്ഷിച്ചു കൊണ്ടുള്ള കത്ത്, ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. രോഗബാധയുണ്ടെന്ന് സംശയിക്കുന്നതിനാൽ ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചാണ് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്.പനി ബാധിച്ചതിനെ തുടർന്ന് പവിത്രൻ, കഴിഞ്ഞ ഒന്നാം തീയതി പഴയന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനായിരുന്നു.അവിടെ നിന്നും സാധാരണ പനിക്കുള്ള മരുന്ന് മാത്രമാണ് നൽകിയത്. പക്ഷേ, പിന്നീട് പനി മൂർച്ഛിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് എന്നുപറഞ്ഞാണ് പവിത്രൻ വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ പുറത്തു പോയത്. എന്നാൽ, പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: ഉഷ. സൗപർണിക, വൈഷ്ണവൻ എന്നിവർ മക്കളാണ്.













Discussion about this post