കൊവിഡ് ബാധയ്ക്കെതിരെ ദേശീയ ഐക്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
‘കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോൾ അദൃശ്യനായ ഈ ശത്രുവിനെതിരെ പൊരുതാനുള്ള ഇച്ഛാശക്തി നമുക്ക് ആവശ്യമാണ്. രാജ്യം അനിവാര്യമായ ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ആത്മശക്തിയുടെ പ്രതീകമായി ഇന്ന് ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് നമ്മുടെ ഭവനങ്ങൾക്ക് മുൻപിൽ ദീപം തെളിക്കാൻ ആദരണീയനായ നമ്മുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ‘നമ്മൾ ജ്വലിക്കും‘ എന്ന മുദ്രാവാക്യം നമുക്കേവർക്കും ഐക്യബോധവും പ്രതീക്ഷയും പകരുന്നതാണ്. ഈ അവസരത്തിൽ ഇന്ന് രാത്രി നമ്മുടെ ഓരോരുത്തരുടെയും വീടുകൾക്ക് മുന്നിൽ ദീപം കൊളുത്തുവാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഈ കൂട്ടായ്മയ്ക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. ഈ പ്രകാശം നമ്മുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു.‘ ഇതാണ് ഇംഗ്ലീഷിലുള്ള വീഡിയോ സന്ദേശത്തിലൂടെ മോഹൻലാൽ ആഹ്വാനം ചെയ്യുന്നത്.
https://www.facebook.com/ActorMohanlal/videos/218212839284934
പ്രാധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം നല്ല സന്ദേശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ എം എം മണി, എ കെ ബാലൻ, വി എസ് സുനിൽകുമാർ, മെഗാസ്റ്റാർ മമ്മൂട്ടി, ഗായിക കെ എസ് ചിത്ര, നടൻ ജോയ് മാത്യു തുടങ്ങിയവരും ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു.
Discussion about this post