ഗിൽഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിർന്ന അഭിഭാഷകൻ മുഹമ്മദ് ബക്കർ മെഹ്ദി. പാകിസ്ഥാനിൽ രോഗബാധ വ്യാപിക്കുകയാണെന്നും ജനങ്ങൾക്ക് മരുന്നും ഭക്ഷണവും പരിചരണവും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ അവസ്ഥ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും ക്വാറന്റീന്റെ മറവിൽ പാക് ഭരണകൂടം തടവിലാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
‘പാകിസ്ഥാനിലെ ജനങ്ങൾ തൊഴിലും വിദ്യാഭ്യാസവും മുടങ്ങി വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സർക്കാർ ഇതുവരെ ആശ്വാസകരമായ ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങൾ പട്ടിണിയിലേക്കും കടുത്ത മാനസിക സംഘർഷത്തിലേക്കും നീങ്ങുകയാണ്. ഇത് ഒട്ടും ആശാസ്യമല്ല. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് നീങ്ങിയാൽ സ്ഥിതിഗതികൾ സർക്കാരിന് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ വരും.‘ മെഹ്ദി മുന്നറിയിപ്പ് നൽകുന്നു.
മാസ്ക്കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്നും വൈറസ് വ്യാപനവും സർക്കാരിന്റെ പിടിപ്പുകേടും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർത്തുവെന്നും മെഹ്ദി പറയുന്നു. ആരോഗ്യ സംവിധാനമെങ്കിലും കുറ്റമറ്റതാക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങൾ എപ്രകാരം പ്രവർത്തിക്കുമെന്ന് പ്രവചിക്കാൻ സർക്കാരിനോ ഐ എസ് ഐക്കോ സാധിച്ചേക്കില്ലെന്നും മുഹമ്മദ് ബക്കർ മെഹ്ദി അന്താരാഷ്ട്ര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
Discussion about this post