ഡൽഹി: അതിവേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ ബാധയെ നേരിടുന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇന്ത്യയുടെ ആരോഗ്യ സേതു മൊബൈൽ ആപ്ളിക്കേഷൻ എന്ന് ലോക ബാങ്ക്.
മഹാമാരിയുടെ വ്യാപനത്തെ പ്രതിരോധിക്കാൻ ഇത്തരം മാർഗ്ഗങ്ങളാണ് ഈ കാലഘട്ടത്തിൽ അനിവാര്യം. സ്മാർട്ട് ഫോണിലെ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി കൊറോണ ബാധിത മേഖലയിൽ എത്തുമ്പോൾ മുന്നറിയിപ്പ് നൽകുന്നു എന്നതാണ് ആരോഗ്യ സേതുവിന്റെ ഏറ്റവും വലിയ മേന്മയായി ലോക ബാങ്ക് നിരീക്ഷിക്കുന്നത്. ആരോഗ്യ സേതു എന്ന ഇന്ത്യൻ ആപ്പിനോട് വലിയ ആഭിമുഖ്യമാണ് ആപ്പിളും ഗൂഗിളും കാട്ടുന്നതെന്ന് നീതി ആയോഗ് സി ഇ ഓ അമിതാഭ് കാന്തും വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിനെ കുറിച്ച് ബോധവത്കരണം നൽകുന്നതിനും കൊവിഡ് ബാധിത മേഖലകളിലെ വിവരങ്ങൾ ശേഖരിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുന്നതിനുമായി കേന്ദ്ര ഐ ടി മന്ത്രാലയം തയ്യാറാക്കിയതാണ് ആരോഗ്യ സേതു. 11 ഭാഷകളിൽ വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു മൊബൈൽ ആപ്പ് നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും വൻ തരംഗമായി മാറിയിരിക്കുകയാണ്.
ബ്ലൂടൂത്തിന്റെയും ജി പി എസ്സിന്റെയും സഹായത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ സേതു, കൊവിഡ് ബാധിതരുമായി ഇടപെടുന്ന സാഹചര്യങ്ങളിലും ഉപഭോക്താക്കൾക്ക് ഉടനി മുന്നറിയിപ്പുകൾ നൽകുന്നു.
Discussion about this post