ഗൂഗിളിനു പിറകെ ആളില്ലാകാറുമായി ആപ്പിളുമെത്തുന്നു. ആപ്പിളിന്റെ ഡ്രൈവറില്ലാകാര്‍ വൈകാതെ തന്നെ റോഡിലേക്കിറങ്ങിയേക്കുമെന്ന വിവരമാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ചോര്‍ന്നത്.ഗൂഗിളില്‍ നിന്നു വിപരീതമായി കാര്‍ നിര്‍മാണം സംബന്ധിച്ച സകലവിവരങ്ങളും ആപ്പിള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ‘ദ് ഗാര്ഡിയന്’ ദിനപ്പത്രമാണ് ആപ്പിളും വെഹിക്കിള്‍ ടെസ്റ്റിങ് കമ്പനിയായ ഗോമെന്റം സ്റ്റേഷനും തമ്മില്‍ നടത്തിയ കത്തിടപാടിന്റെ വിവരം പുറത്തു വിട്ടത്. ഗോമെന്റത്തിന്റെ സാന്‍ഫ്രാന്‍സിസ്കോയിലെ ടെസ്റ്റിങ് ഗ്രൗണ്ടില്‍ എപ്പോഴെല്ലാം പരീക്ഷണം നടത്താമെന്നും അവിടെ എത്ര സ്ഥലസൗകര്യമുണ്ടെന്നും മറ്റുമുള്ള കാര്യങ്ങളെപ്പറ്റിയായിരുന്നു ആപ്പിള്‍ എന്‍ജിനീയര്‍ ഫ്രാങ്ക് ഫിയറോണിന്റെ അന്വേഷണം. ‘പ്രൊജക്ട് ടൈറ്റന്’ എന്ന പേരില്‍ രഹസ്യമാക്കി വച്ചിരുന്ന ഡ്രൈവറില്ലാ കാര്‍ പദ്ധതിയുടെ പരീക്ഷണ ഓട്ടത്തിനു വേണ്ടിയാണ് ഈ അന്വേഷണമെന്ന കാര്യം ഏകദേശം വ്യക്തമായിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കലിഫോര്‍ണിയയില്‍ നടന്ന രാജ്യാന്തര കോഡ് കോണ്‍ഫറന്‍സില്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള പ്രയാണത്തെപ്പറ്റി ആപ്പിള്‍ സൂചന നല്‍കിയിരുന്നു. കാര്‍ വിപണി കൊള്ളാമെന്നും, പുതിയ ഒട്ടേറെ വിപണികളിലെ സാധ്യതകളെപ്പറ്റി കമ്പനി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സീനിയര്‍ വൈസ് പ്രസിഡന്റ് ജെഫ് വില്യംസ് അന്നു പറഞ്ഞിരുന്നു.
കാര്‍ നിര്‍മാണ മേഖലയിലെ വിദഗ്ധരുമൊത്ത് ആപ്പിള്‍ സിഇഒ ടിം കുക്ക് അടിയ്ക്കടി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മെഴ്സിഡസ് പോലുള്ള പ്രമുഖ കമ്പനികളില്‍ നിന്നു മാത്രമല്ല ഇലക്ട്രിക് കാര്‍ ബാറ്ററി നിര്‍മിക്കുന്ന ചെറുകിട സ്റ്റാര്‍ട് അപ് കമ്പനിയില്‍ നിന്നുവരെ വിദഗ്ധരെ ആപ്പിള്‍ വിലയ്ക്കു വാങ്ങിയതോടെ തുടങ്ങിയതോടെ ആപ്പിള്‍ കാര്‍ വരുമെന്ന കാര്യം എറെക്കുറെ ഉറപ്പായിരുന്നു. ആ കാറിന് ടെക്ലോകം ഐ കാര്‍ എന്ന ഓമനപ്പേരും കൊടുത്തു. ആപ്പിള്‍ ഐ ഫോണിന്റെ ‘സ്ലീക്ക്’ ലുക്കും നിറവുമെല്ലാമായി പല ഡിസൈനര്‍മാരും തങ്ങളുടെ സങ്കല്പത്തിലെ ഐ കാര്‍ ഇപ്പോഴേ ഡിസൈനും ചെയ്തുകഴിഞ്ഞു.
ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ 2017ഓടെ വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 2009ല്‍ ആരംഭിച്ച്, ഇതുവരെ ഒന്നോ രണ്ടോ അപകടങ്ങള്‍ മാത്രമുണ്ടാക്കി, 10 ലക്ഷത്തിലേറെ മൈല്‍ ദൂരവും ആ കാര്‍ പിന്നിട്ടു. ഗൂഗിളിനോട് മത്സരിക്കണമെങ്കില്‍ ‘ഐ കാറും’ സമാനരീതിയില്‍ പരീക്ഷണഓട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഓട്ടം സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുന്‍പേയാണ് ഗോമെന്റത്തിന്റെ ടെസ്റ്റിങ് സൈറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ അമേരിക്കന്‍ നേവല്‍ ബേസായിരുന്നു ഗോമെന്റം സ്റ്റേഷന്. 5000 ഏക്കര്‍ പ്രദേശത്തായി ഇവിടെ 20 മൈല്‍ നീളത്തില്‍ റോഡുണ്ട്. ഒപ്പം കെട്ടിടങ്ങളും ടണലുകളും റയില്‍ ക്രോസിങ്ങുകളും ജങ്ഷനുകളും ഓവര്പാസുകളുമെല്ലാം റെഡി. എന്നാല്‍ മനുഷ്യരാരുമില്ല. ആളില്ലാകാറുകള് പരീക്ഷിക്കാന്‍ പറ്റിയ സ്ഥലം. നേരത്തെ ഹോണ്ടയും മെഴ്സിഡസുമെല്ലാം ഓട്ടണോമസ് വെഹിക്കിള്‍ ടെസ്റ്റുകള്‍ ഇവിടെ നടത്തിയിട്ടുണ്ട്. വാഹന ടെസ്റ്റിന് ലോകത്തെ ഏറ്റവും സുരക്ഷിതമായ പ്രദേശമെന്നാണ് ഈയിടത്തെപ്പറ്റി കമ്പനിയുടെ പരസ്യവാചകം തന്നെ.
അതേസമയം, തങ്ങളുടെ ടെസ്റ്റിങ് സ്റ്റേഷനിലെ സൗകര്യങ്ങളെപ്പറ്റി ആപ്പിള്‍ അധികൃതര്‍ അന്വേഷിച്ചിട്ടുണ്ടെന്ന് ഗോമെന്റത്തിലെ പ്രോഗ്രാം മാനേജര്‍ ജാക്ക് ഹാള്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ആപ്പിളിലെ ആരും ഇതുവരെ സന്ദര്‍ശനത്തിനെത്തിയിട്ടില്ല, എന്താണ് പരീക്ഷിക്കുന്നതെന്നും പറഞ്ഞിട്ടില്ലെന്നും ജാക്ക് ഹാളിന്റെ വാക്കുകള്‍. പക്ഷേ, ഗോമെന്റവുമായി കരാറൊപ്പിട്ടപ്പോള്‍ കാര്‍ ടെസ്റ്റിങ് സംബന്ധിച്ച ഒരു കാര്യവും പുറത്തുവിടരുതെന്ന വ്യവസ്ഥ കൂടി ആപ്പിള്‍ വച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. പുതിയ സംഭവവികാസങ്ങളെപ്പറ്റി ആപ്പിളും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും കാത്തിരിക്കുക, ആളില്ലാകാര് വരുമെന്നുറപ്പാണ്, അതെന്നാണെന്നു മാത്രമേ അറിയാനുള്ളൂ.
Discussion about this post