ആന്‍ഡ്രോയിഡ് എം എന്ന വിളിപ്പേരില്‍ ഗൂഗിളിന്റെ അകത്തളങ്ങളില്‍ അറിയപ്പെടുന്ന വരാനിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ‘എം’ എന്തായിരിക്കുമെന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം സൂചനകളുമായി ഒരു വിഡിയോയും കമ്പനി പുറത്തിറക്കിയിരുന്നു.
മാഷ്മെലോ (Marshmallow) എന്ന മിഠായിയുടെ പേരിലായിരിക്കും ലോലിപോപ്പിന്റെ പിന്‍ഗാമി അറിയപ്പെടുകയെന്ന് ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് ഡവലപ്പര്‍ ബ്ലോഗിലൂടെ വെളിപ്പെടുത്തി. പതുപതുത്ത ചോക്കിന്റെ രൂപത്തിലുള്ള ഈ മിഠായിയില്‍ പുറമേ കോണ്‍ സ്റ്റാര്‍ച്ച് പുരട്ടിയിരിക്കും. സ്വര്‍ണ്ണ നിറം കലര്‍ന്ന തവിട്ട് നിറത്തിലുള്ള മാഷ്മെലോ ആണ് ഏറെ പ്രിയമേറിയത്. പുറമേ തന്നെ മനോഹരമായ ഈ മിഠായിയെപ്പോലെ ഉള്ളില്‍ എല്ലാ വരും ഇഷ്ടപ്പെടുന്ന മധുരം നിറച്ചാണ് ആന്‍ഡ്രോയിഡ് എം എന്നറിയപ്പെട്ടിരുന്ന പുതു ഒഎസ് സ്മാര്‍ട്ട് ഫോണുകളിലെക്ക് എത്തുകയെന്നു ഗൂഗിള്‍ പ്രോഡക്റ്റ് മാനേജര്‍ ജമാല്‍ ഏസാന്‍ ഡവലപ്പര്‍ ബ്ലോഗിലൂടെ പറയുന്നു.
മിഠായികളുടെയും മധുരപദാര്ഥങ്ങളുടെയും പേരിലിറങ്ങിയ ഡോനട്ട്(1.6), എക്ലെയര്‍(2.0-2.1), ഫ്രോയോ(2.2-2.2.3), ജിഞ്ചര്‍ബ്രെഡ്(2.3-2.3.7), ഹണികോംബ്(3.0-3.2.6), ഐസ്ക്രീം സാന്‍വിച്ച്(4.0-4.0.4), ജെല്ലിബീന്‍(4.1-4.3.1), കിറ്റ് കാറ്റ് (4.4-4.4.4, 4.4W-4.4W.2) എന്ന ആന്‍ഡ്രോയിഡ് ഒഎസ് സീരീസിലെ ഏറ്റവും ഒടുവിലത്തേത് ലോലിപോപ്പ് (5.0-5.1.1) ആയിരുന്നു. ഈ പാത പിന്തുടര്ന്ന് ഇനി മാഷ്മെലോയും (ആന്‍ഡ്രോയിഡ് 6.0) സ്മാര്‍ട്ട് ഫോണുകളില്‍ മധുരം നിറയ്ക്കും.
മാഷ്മെലോ കസ്റ്റമൈസ് ചെയ്യാനും നിലവിലെ വിവിധ ആപ്പുകള്‍ക്ക് വേണ്ടുന്ന മാറ്റം വരുത്തി മാഷ്മെലോയ്ക്ക് ചേരുന്ന രൂപത്തില്‍ എത്തിക്കാനും ഡവലപ്പര്‍മാര്‍ക്ക് ഗൂഗിളിന്റെ സൈറ്റില്‍ നിന്നും ഉടനെ തന്നെ മാഷ്മെലോ ഡവലപ്പര്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാമെന്നും ബ്ലോഗ് പറയുന്നു.
അധിക ബാറ്ററി ലൈഫ്, മികച്ച ആപ്ലിക്കേഷന്‍ മാനേജ്മെന്റ്, യുഎസ്ബി ടൈപ്പ്-സി സപ്പോര്‍ട്ട്, ഫിംഗര്‍പ്രിന്റ് പ്രൈവസി, പുതിയ ആന്‍ഡ്രോയിഡ് പേ സിസ്റ്റം തുടങ്ങി ഒട്ടേറെ സവിശേഷതകളുമായിട്ടായിരിക്കും മാഷ്മെലോ എത്തുക. ലോകത്തെ 80 ശതമാനം സ്മാര്‍ട്ട് ഫോണുകളും ആന്‍ഡ്രോയിഡ് ആണ് ഒഎസ് ആയി ഉപയോഗിക്കുന്നത് എന്നാല്‍ പല ഡിവൈസുകളും പുതിയ ഒഎസുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ കഴിയാതെ പഴയ ഒഎസുകളില്‍ തന്നെ തുടര്‍ന്നു വരുന്നു എന്നത് ഒരു പോരായ്മയാണ്. ഇതിനായി എല്ലാ ഡിവൈസുകളിലും അപ്ഗ്രേഡ് ഉറപ്പാക്കുന്ന പുതിയ പോളിസി ഉപകരണ നിര്‍മ്മാതാക്കള്‍ക്കായി ഗൂഗിള്‍ ഉടന്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
Discussion about this post