കോഴിക്കോട്: ലോക്ക് ഡൗൺ ദിനങ്ങളിൽ നഗരത്തിന്റെ ഉറക്കം കെടുത്തി നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ ബ്ലാക്മാൻ പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് അജ്മലാണ് കസബ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തത് താനാണെന്ന് അജ്മൽ പൊലീസിനോട് സമ്മതിച്ചു.
സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് അജ്മലിന്റെ ഇഷ്ടവിനോദം. നാട്ടുകാര്‍ പിന്നാലെ പായുന്ന സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണ് ഇയാൾ കടന്നു കളയുന്നത്. കൊയിലാണ്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ കൊവിഡുമായി ബന്ധപ്പെട്ട ഇളവിൽ മോചിതനായതാണ്. ഇയാൾ രാത്രികാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. വിവസ്ത്രനായാണ് ഇയാൾ നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്തു വച്ച് പൊലീസിന്റെ പിടിയിലായ അജ്മലിന്റെ പക്കൽ നിന്നും 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post