കാൻസർ രോഗികൾക്ക് തന്റെ മുടി സംഭാവന ചെയ്ത് കൊവിഡ് കാലത്തെ മനുഷ്യത്വത്തിന്റെയും മഹാമനസ്കതയുടെയും പ്രതീകമായിരിക്കുകയാണ് മൂന്നാം ക്ലാസ്സുകാരി അശ്വതി. മനസ്സിനെ ആർദ്രമാക്കുന്ന അനുകമ്പയുടെ നവ്യാനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ അച്ചു എന്ന് വിളിക്കുന്ന അശ്വതിയുടെ പിതാവ് രഞ്ജിത്ത്.
‘അമ്മേ, ഞാൻ എന്റെ മുടി ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്തോട്ടെ? ആ ചോദ്യം കേട്ട് ഞങ്ങൾ മാതാപിതാക്കളും അച്ചച്ചനും അച്ചമ്മയുമെല്ലാം ആശ്ചര്യപ്പെട്ടുപോയി. എന്നാൽ അവൾ ധീരമായ് തന്റെ ആഗ്രഹത്തിലുറച്ചു നിന്നു.‘ ഇങ്ങനെയാണ് രഞ്ജിത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
‘മൂന്നാം ക്ലാസ്സിലേക്ക് പോകാനൊരുങ്ങുന്ന എന്റെ അച്ചു (അശ്വതി. സി), തന്റെ നീളമുള്ള, ഇടതൂർന്ന് വളർന്ന ആ മനോഹരമായ മുടികൾ കാൻസർ രോഗികൾക്കായ് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തിരിക്കുന്നു.
ആ മുടിയിഴകൾ നന്നായ് മടഞ്ഞ് വെച്ച് സ്കൂളിലേക്ക് അവൾ പോവുന്നതും ഒടിച്ചാടി കളിക്കുമ്പോൾ മുന്നിലെ കുറുനിരകൾ നെറ്റിയിലേക്ക് തോരണം കണക്കേ തൂങ്ങിയാടുന്നതും കാണുമ്പോഴുമുള്ള ഭംഗി മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളേറെ ആസ്വദിച്ചിരുന്നു.
ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു. മഹാമനസ്കതയുടെയും, അനുകമ്പയുടെയും, സ്നേഹത്തിന്റെയും, ദയയുടെയും…. മനസ്സിന്റെ ഈ ഗുണഗണങ്ങളാൽ അലങ്കൃതമായിരിക്കുന്ന അവളുടെ പുഞ്ചിരി കൈമാറുന്നത് നല്ലൊരു സന്ദേശമാണ്.
നാം നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് അതിലും കൂടുതൽ ആവശ്യമുള്ള ഒരാൾക്ക് നൽകാൻ തയ്യാറാകുമ്പോൾ, സ്വന്തം ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കരുത്തുള്ള ഒരു മനസ്സിനെ തയ്യാറാക്കിയിരിക്കണം എന്ന വലിയൊരു സന്ദേശം.‘ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
https://www.facebook.com/cherikkallinmel.ranjith/posts/3035700933185745
ഒരു മൂന്നാം ക്ലാസ്സുകാരിക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തെ ചിന്തകൾ പ്രാവർത്തികമാക്കി നിഷ്കളങ്കമായി ചിരിക്കുന്ന അച്ചുവിന്റെ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
Discussion about this post