കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മരണം കേരളസര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയില്ലെന്ന പരാതിയുമായി മകൻ രംഗത്ത്. കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി മഹറൂഫിന്റെ മകൻ നദീമാണ് സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് ബാധിച്ചുള്ള പിതാവിന്റെ മരണം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയെങ്കിലും കേരള സര്‍ക്കാര്‍ ഇതുവരെ മരണം രേഖപ്പെടുത്തുകപോലും ചെയ്തില്ലെന്ന് നദീം പറയുന്നു. പിതാവ് മരിച്ചിട്ട് 26 ദിവസമായി. ഇതുവരെ അദ്ദേഹത്തിന്റെ മരണം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രി നല്‍കിയ മരണസര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം പോലും രേഖപ്പെടുത്തിയിട്ടില്ല. അധികാരികളോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ പുതുച്ചേരി സര്‍ക്കാരില്‍ നിന്ന് രേഖ ആവശ്യപ്പെട്ടു. എന്നാല്‍ മരണം സംഭവിച്ചത് കേരളത്തിലായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം മരണവിവരം രേഖപ്പെടുത്തേണ്ടത് മരണം സംഭവിച്ച സംസ്ഥാനത്താണെന്ന് പുതുച്ചേരി സർക്കാർ മറുപടി നൽകി.
പിതാവിന്റെ മരണത്തെപ്പോലും സര്‍ക്കാര്‍ അവഗണിക്കുന്നു. മഹറൂഫിന്റെ മരണം കേരളത്തിലെ കൊറോണ മരണ പട്ടികയില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് തലശ്ശേരി എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും വാഗ്ദാനം മാത്രമായി അത് മാറിയെന്നും കുടുംബം പരാതിപ്പെടുന്നു. ഏപ്രില്‍ ഒന്നിന് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിക്കുന്നത് വരെ അദ്ദേഹത്തിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് അദ്ദേഹത്തിന് വൈറസ് പിടിപെട്ടതെന്ന് തനിക്ക് സംശയമുണ്ടെന്നും നദീം പറയുന്നു.
പിതാവിന് വിദേശ യാത്രാ ചരിത്രമോ, രോഗികളുമായി സമ്പര്‍ക്കമോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഞങ്ങള്‍ക്കാര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍തന്നെ ആശുപത്രിയില്‍ നിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്ന് ഞങ്ങള്‍ സംശയിക്കുന്നുണ്ടെന്ന് നദീം വ്യക്തമാക്കുന്നു. പിതാവിന് കൊറോണ സ്ഥിരീകരിച്ച ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസിനെ കുറിച്ച് സംസാരിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും തന്റെ പിതാവിന്റെ പേരോ വിവരമോ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നദീം ചൂണ്ടിക്കാട്ടുന്നു.
പിതാവിന് വൈറസ് സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ തെറ്റല്ല. അതിനാല്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി രേഖപ്പെടുത്തുകയെങ്കിലും വേണം. ഏപ്രില്‍ 7 നാണ് പിതാവിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പിന്നീട് 11 ന് അദ്ദേഹം കൊറോണ ബാധിച്ച് മരിച്ച വിവരം അധികൃതരാണ് ഞങ്ങളെ അറിയിച്ചത്. മൃതദേഹം അവിടെ തന്നെ മറവ് ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാന്‍ തങ്ങള്‍ അത് സമ്മതിച്ചു.എന്നിട്ടും അദ്ദേഹത്തിന്റെ മരണം എല്ലാ അധികാരികളും അവഗണിക്കുകയായിരുന്നുവെന്നും നദീം പറയുന്നു.
കേരള സര്‍ക്കാര്‍ എന്തുകൊണ്ടാണ് തങ്ങളെ അവഗണിക്കുന്നത്. ഞങ്ങള്‍ മാഹിയില്‍ നിന്നുള്ളവരാണെങ്കിലും ജീവിക്കുന്നത് ന്യൂ മാഹിയിലാണ്. ഞങ്ങളുടെ ബന്ധുക്കള്‍ കേരളത്തിലാണ് കഴിയുന്നത്. ഞങ്ങളെ അവഗണിക്കാന്‍ കേരളത്തിന് കഴിയില്ലെന്നും നദീം പറയുന്നു.
സാമൂഹിക പ്രവര്‍ത്തകനായ മഹറൂഫ് കൊറോണ ബാധിച്ച് ഏപ്രില്‍ 11 നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായത് എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Discussion about this post