ഏഷ്യാനെറ്റ് ന്യൂസില്‍ ഒരാഴ്ച മുമ്പ് സംപ്രേക്ഷണം ആരംഭിച്ച രാവിലെയുള്ള വാര്‍ത്താ പരിപാടിയാണ് നമസ്‌തേ കേരളം. പി.ജി സുരേഷ് കുമാറാണ് പരിപാടിയുടെ അവതാരകന്‍. ചാനല്‍ റേറ്റിംഗില്‍ വന്‍ കുതിച്ച് ചാട്ടം നടത്തുന്ന ട്വന്റി ഫോര്‍ ന്യൂസിന്റെ ഗുഡ് മോണിംഗ് ഷോയുടെ അനുകരണമാണ് നമസ്‌തേ കേരളമെന്ന വിമര്‍ശനം നവമാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. ട്വന്റി ഫോര്‍ ന്യൂസിന്റെ റേറ്റിംഗ്കുതിപ്പ് കണ്ട് അതേ രീതിയിലുള്ള പരിപാടി നടത്തുന്നതിനെ പരിഹസിച്ചും ചിലര്‍ രംഗതെത്തി.
ചാനല്‍ മേധാവി കൂടിയായ ശ്രീകണ്ഠന്‍ നായരാണ് 24 ന്യൂസിലെ ഗുഡ് മോണിംഗ് ഷോയുടെ അവതാരകന്‍.. വാക്കുകള്‍ ചടുലമായി ഉപയോഗിച്ച്, ശരീരം ഇളക്കിയുള്ള വാര്‍ത്താ അവതരണ രീതിയാണ് ശ്രീകണ്ഠന്‍ നായരുടേത്.
അനുകരണം എന്ന വിമര്‍ശനം ഉയരുന്നതിനിടെ വെള്ളിയാഴ്ചത്തെ ഏഷ്യാനെറ്റ് നമസ്‌തേ കേരളം പരിപാടിയുടെ എപ്പിസോഡിന് വിരാമമിട്ട് അവതാരകന്‍ പി.ജി സുരേഷ് കുമാര്‍ ഉപയോഗിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മാധ്യമപ്രവര്‍ത്തനമെന്നത് ശരീരം ഇളക്കിയുള്ള വാചക കസര്‍ത്തല്ല എന്നാണ് സുരേഷ് കുമാറിന്റെ വാക്കുകള്‍. ഇത് എതിര്‍ ചാനലിലെ അവതാരകനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ചിലരുടെ കണ്ടെത്തല്‍
സുരേഷ് കുമാര്‍ ഷോയ്ക്കിടെ പറഞ്ഞ വാക്കുകള്‍-
‘മാധ്യമപ്രവര്‍ത്തനമെന്നത് വേദപുസ്തക പരായണമോ, വചനപ്രഘോഷണമോ അല്ല. അതു കൊണ്ട് വലിയ വായില്‍ വര്‍ത്തമാനം പറയുന്നതിന് അപ്പുറം തെറ്റുകളെ ചൂണ്ടിക്കാട്ടുകയും, ശരികള്‍ക്കൊപ്പം സഞ്ചരിക്കുകയും, ജനങ്ങളുടെ ജീവിതം നേരിട്ട് തൊട്ടറിയുകയും ചെയ്യുക എന്നതാണ് പ്രധാനം. ചാടിക്കളിക്കുന്നതില്ല, ചുവടുറപ്പിച്ച് കരുതലോടെ മുന്നേറുന്നതാണ് ഏറ്റവും പ്രധാനം. കാല്‍ നൂറ്റാണ്ട ഞങ്ങളെ പഠിപ്പിച്ച ചരിത്രം അതാണ്.’
താരതമ്യേനേ അടുത്തയിടെ ആരംഭിച്ച ട്വന്റി ഫോര്‍ ന്യൂസ് ബാര്‍ക് റേറ്റിംഗില്‍ വലിയ കുതിച്ച് ചാട്ടം നടത്തിയിരുന്നു. മനോരമ, മാതൃഭൂമി ചാനലുകളെ പിന്നിലാക്കി ആഴ്ചകളായി ഏഷ്യാനെറ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് 24 ന്യൂസിന്റെ റേറ്റിംഗ്. നൂറ് വാര്‍ത്തകള്‍, ഗുഡ് മോണിംഗ് ഷോ തുടങ്ങിയ പരിപാടികള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരം പരിപാടികള്‍ മറ്റ് ചാനലുകളും അനുകരിക്കാന്‍ ശ്രമിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വലിയ തിരിച്ചടിയായതും 24 ന്യൂസിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.













Discussion about this post