കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉരുത്തിരിഞ്ഞ ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാഷ്ട്രപതി ബിദ്യ ദേവി ഭണ്ഡാരിയെ സന്ദർശിച്ചത് അഭ്യൂഹങ്ങൾക്ക് ആഴം കൂട്ടിയിരിക്കുകയാണ്. ഒലി രാജി വെച്ചേക്കുമെന്നാണ് സൂചന. അദ്ദേഹം ഔദ്യോഗികമായി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിൽ രൂക്ഷമായ വിമര്‍ശനമാണ് പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ ഉണ്ടായത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി ചെയർമാൻ സ്ഥാനത്ത് നിന്നും ഒലി മാറി നിൽക്കണമെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആവശ്യം. സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തിൽ പ്രസംഗിച്ച അഞ്ച് നേതാക്കളില്‍ മൂന്ന് പേരും പ്രധാനമന്ത്രി ഒലിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്.
പ്രധാനമന്ത്രി സ്ഥാനത്തും പാർട്ടി പദവിയിലും തുടരാൻ മാനസികമായും ശാരീരികമായും ഒലി അർഹനല്ലെന്ന് മുതിർന്ന നേതാവ് മാതൃക യാദവ് ആഞ്ഞടിച്ചു. നയതന്ത്ര അച്ചടക്കം പാലിക്കുന്നതിൽ ഒലി പരാജയപ്പെട്ടുവെന്ന് യോഗത്തിൽ വിമർശനമുയർന്നു.
അതേസമയം കെ പി ശർമ്മ ഒലിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികൾ പ്രകടിപ്പിക്കുന്നത്. പ്രധാനമന്ത്രിയും ചൈനീസ് എംബസിയും തമ്മിലുള്ള ബന്ധം ജനങ്ങളോട് വിശദീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പരിഷ്കരിച്ച സർക്കാർ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ചൈനയുടെ പിന്തുണയോടെയാണ് നേപ്പാൾ അനാവശ്യ പ്രകോപനത്തിന് മുതിരുന്നതെന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നേപ്പാളിൽ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെ കൗതുകത്തോടെയാണ് അന്താരഷ്ട്ര നയതന്ത്ര വിദഗ്ധർ നോക്കികാണുന്നത്.
Discussion about this post