ചലച്ചിത്ര രംഗത്തെ വനിതകളുടെ സംഘടനയായ ഡബ്ലിയു സി സിയിൽ ഭിന്നത രൂക്ഷമാകുന്നു. സംഘടനാ ഭാരവാഹിയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ ആരോപണവുമായി പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ രംഗത്തെത്തി. സ്റ്റെഫിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അനുകൂല നിലപാടുമായി നടി ഐശ്വര്യ ലക്ഷ്മിയും പ്രതികരിച്ചു. ആഷിഖ് അബുവിന്റെ ചിത്രമായ മായനദിയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി.
ഗീതു മോഹൻദാസിന്റെ അടുത്തകാലത്ത് ഇറങ്ങിയ ചിത്രത്തെ ചൊല്ലിയാണ് സ്റ്റെഫി സേവ്യർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിത്രത്തിൽ പണിയെടുത്തതിന് പ്രതിഫലം ചോദിച്ചപ്പോൾ പ്രോജക്ടിൽനിന്നും ഒഴിവാക്കിയെന്നും സ്റ്റെഫി വ്യക്തമാക്കുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോൾ “‘സ്റ്റെഫി’ ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് ” എന്ന് പറയുകയും ചെയ്തുവെന്നാണ് ആരോപണം.
കൂടാതെ സഹായികളോട് തന്നെ അറിയിക്കാതെ അവരോട് ഒപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ, താങ്ക്സ് കാർഡിലോ പോലും തന്റെ പേരുണ്ടായിരുന്നില്ലെന്നും ഒരു സ്ത്രീയായ തന്റെ പേര് ഒന്ന് വെക്കാൻ പോലും തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് ഡബ്ലിയു സി സി നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നതെന്നും സ്റ്റെഫി പറയുന്നു.
സ്ത്രീകളെ ചൂഷണം ചെയ്യുന്നതും, സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന, സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടു വരേണ്ടതെന്നും തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്‌റ്റുകളുടെയും, ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കണമെന്നും സ്റ്റെഫി സേവ്യർ ആവശ്യപ്പെടുന്നു.
വനിതകളുടെ പുരോഗമനത്തിനും, തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും, ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണെന്നും സ്റ്റെഫി വ്യക്തമാക്കുന്നു.
https://m.facebook.com/story.php?story_fbid=3106756229405955&id=100002148253096
സ്റ്റെഫിയുടെ കമന്റിന് നടി ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. തുറന്ന് പറയാൻ ധൈര്യം കാണിച്ചതിനെ അഭിനന്ദിച്ചു കൊണ്ടുള്ളതാണ് ഐശ്വര്യയുടെ കമന്റ്.
നേരത്തെ ഡബ്ലിയു സി സിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് സ്ഥാപക ഭാരവാഹി കൂടിയായ സംവിധായിക വിധു വിൻസെന്റ് സംഘടന വിട്ടിരുന്നു. ചില പ്രത്യേക വിഭാഗത്തിന്റെ താത്പര്യ സംരക്ഷണം മാത്രമാണ് സംഘടനയിൽ നടക്കുന്നതെന്നും സംഘടനയിൽ ഇരട്ടത്താപ് വ്യക്തമാണെന്നും വിധു ആരോപിച്ചിരുന്നു.
Discussion about this post