കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ നാല് ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ ഉത്തരവിറക്കി.
എല്ലാ ഫിഷിംഗ് ഹാര്‍ബറുകളും നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചു. ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് /ബാഡ്ജ്/ ഐഡി കാര്‍ഡ് ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ചെറുകിട വ്യപാരികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ പാസ്/ ബാഡ്ജ്/ എന്നിവ ഉറപ്പുവരുത്തേണ്ടത് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസിന്റെ ചുമതലയാണ്. ഹാര്‍ബറിനകത്ത് ഒരു മീറ്റര്‍സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കു. ഈ നിയന്ത്രണങ്ങള്‍ക്ക് പോലീസ് സോണായി തിരിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കണം.
ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ കൊല്ലം ജില്ലയിലെ മത്സ്യബന്ധന- വിപണന മേഖലകളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Discussion about this post