കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി കസ്റ്റംസിന്റെ പിടിയിലായി. കേസിലെ നേരത്തെ അറസ്റ്റിലായ റമീസുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങളിലേക്കാണ് നിലവില്‍ കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും അന്വേഷണം നീളുന്നത്. സംസ്ഥാനത്തിനുള്ളിലെയും പുറത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്ന റമീസും ജലാലും സംഘവും.
സ്വപ്‌ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്‍പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന ജലാൽ.
പിടിയിലായിരിക്കുന്ന പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം അന്വേഷണം ഫാസിൽ ഫരീദിലേക്കും അതുവഴി അന്താരാഷ്ട്ര ഭീകരവാദ- കള്ളക്കടത്ത് സംഘങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടാൻ എൻ ഐ എ ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
Discussion about this post