കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്‌തതു കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും രാജിവച്ചൊഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
റംസാന് പോലും കള്ളം പറയുന്ന വ്യക്തിയാണ് മന്ത്രി ജലീൽ. ഒരു മന്ത്രിയിലിത് അവസാനിക്കില്ല. പല മന്ത്രിമാരും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരം പുറത്തുവരും. മുഖ്യമന്ത്രിക്ക് രാജിവക്കേണ്ടതായി വരും. പരസ്യമായി നാണംകെടുന്നതിന് മുമ്പ് പിണറായി രാജിവച്ച് പുറത്തുപോകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഐടി വകുപ്പിൽ നടക്കുന്നത് മുഴുവൻ പാർട്ടി നിയമനങ്ങളാണ്. അരുൺ ബാലചന്ദ്രൻ സിപിഎം സഹയാത്രികനാണ്. മുഖ്യമന്ത്രിയറിഞ്ഞുകൊണ്ടാണ് അനധികൃത നിയമനങ്ങളെല്ലാം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് ബന്ധമുള്ളവർ ഇനിയുമുണ്ട്. അവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കൈകാര്യം ചെയ്യുന്ന വിഭാഗം പരിശോധിക്കണം. സ്വർണക്കടത്ത് കേസിൽ മന്ത്രി ഇ പി ജയരാജന്റെ പങ്കും അന്വേഷിക്കണം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post