ടിബറ്റിലെ മഞ്ഞു പെയ്യുന്ന മലനിരകൾക്കിടയിലൂടെ മൂളിപ്പറന്ന് ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ തരിപ്പണമാക്കാം. ചൈനീസ് മിസൈലുകളെ നിലം തൊടും മുൻപ് നിർവീര്യമാക്കി പോർബലം പ്രഖ്യാപിക്കാം. ബലാക്കോട്ട് വ്യോമാക്രമണത്തോട് പോലും പ്രതികരിക്കാൻ ഇതുവരെ ധൈര്യപ്പെടാത്ത പാകിസ്ഥാനെ അവരുടെ വ്യോമ മേഖലയിൽ നേരിട്ടു കടന്നു ചെന്ന് വിറപ്പിച്ച് മടങ്ങാം. റഫാൽ ഇന്ത്യൻ വ്യോമസേനയെ ഏഷ്യൻ മേഖലയിലെ അനിഷേധ്യ ശക്തിയാക്കി മാറ്റുന്നത് ഇത്തരത്തിലായിരിക്കുമെന്ന് ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ സൂത്രധാരനും മുൻ വ്യോമസേനാ മേധാവിയുമായ എയർ ചീഫ് മാർഷൽ ബി എസ് ധനോവ.
ബലാക്കോട്ടിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയതിന് സമാനമായ മിന്നലാക്രമണങ്ങൾ ടിബറ്റൻ മേഖലയിൽ ചൈനയ്ക്കെതിരെ നടത്താനും ഇനി ഇന്ത്യക്ക് അനായാസം സാധിക്കും. ലേ അടക്കമുള്ള മേഖലകളിലെ ഇന്ത്യയുടെ ആവശ്യം കണ്ടറിഞ്ഞ്, നിലവിൽ ഫ്രാൻസിൽ ഉപയോഗിക്കുന്നതിനേക്കാൾ പ്രഹരശേഷിയും സാങ്കേതിക മികവും ഒത്തിണക്കിയാണ് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുഖോയ് 30, ജാഗ്വാർ, മിഗ് 29 എന്നിവയെ ഉപയോഗപ്പെടുത്തി ആക്രമണങ്ങൾ നടത്തുമ്പോൾ മുന്നിൽ നിന്ന് നയിക്കാനും ടൺ കണക്കിന് സ്ഫോടകവസ്തുക്കൾ ശത്രു നിരയ്ക്ക് മേൽ വർഷിക്കാനും റഫാലിന് സാധിക്കും. ഒപ്പം ശത്രുവിന്റെ പ്രതിരോധ മിസൈൽ സംവിധാനത്തെ ക്ഷണനേരം കൊണ്ട് തകർക്കാനും ഇവയ്ക്ക് സാധിക്കും.
കാഴ്ച മറയ്ക്കാൻ പോന്ന കാലവസ്ഥയാണ് ചൈനീസ് അതിർത്തിയിൽ ഹിമാലയത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ സേനക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഇവിടെ റഫാലിലെ ആധുനിക നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യക്ക് മേൽക്കൈ നൽകും. ചൈനയുടെ ജെ-20 വിമാനങ്ങൾ റഫാലിന്റെ ഗുണമേന്മയുടെ പകുതി പോലും വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമാക്രമണത്തിന് റഫാലും കരമാർഗ്ഗം ആക്രമിക്കാൻ എസ്-400 ഉം വിന്യസിച്ചാൽ ശത്രുവിന് ചെറുത്ത് നിൽപ്പ് പോലും പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ നിലവിൽ ഇന്ത്യൻ ആയുധ- സേനാ വിന്യാസങ്ങൾക്ക് മുന്നിൽ ഒരു ഇരയേ അല്ല. 2002ലെ ഇന്ത്യൻ പ്രഹരങ്ങൾക്കും 2019ലെ ബലാക്കോട്ട് വ്യോമാക്രമണങ്ങൾക്കും മറുപടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ഇതേവരെ അവർക്കായിട്ടില്ല. റഫാലിന്റെ വരവോടെ പാകിസ്ഥാന് ഇന്ത്യൻ വ്യോമസേനയോടുള്ള ഭയം ശതഗുണീഭവിക്കുമെന്നും ബി എസ് ധനോവ വ്യക്തമാക്കി.
റഫാലുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനങ്ങളെ തള്ളിക്കളയുന്നതായും റഫാൽ ഇന്ത്യക്ക് സ്വായത്തമാക്കാൻ അക്ഷീണം പ്രയത്നിച്ച രാഷ്ട്രീയ നേതൃത്വത്തെ അഭിനന്ദിക്കുന്നതായും ധനോവ പറഞ്ഞു. റഫാലിനായി പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ ജനതയാണ് കേന്ദ്രസർക്കാരിന്റെയും സേനയുടെയും ഉൾക്കരുത്തെന്നും കാർഗിൽ യുദ്ധകാലത്തെ സ്ക്വാഡ്രൻ കമാൻഡർ കൂടിയായിരുന്ന മുൻ വ്യോമസേനാ മേധാവി വ്യക്തമാക്കി. റഫാലിന്റെ വരാനിരിക്കുന്ന പതിപ്പുകളെ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Discussion about this post