തിരുവനന്തപുരം: തകർത്തു പെയ്യുന്ന പേമാരിയിൽ രാജമലയിലെയും മൂന്നാറിലെയും ദുരന്തമുഖങ്ങളിൽ ആവശ്യാനുസരണം ഓടിയെത്താൻ രക്ഷാ പ്രവർത്തകരും മെഡിക്കൽ സംഘവും പെടാപ്പാട് പെടുമ്പോൾ സ്വാഭാവികമായും അവരിൽ നിന്നും ഉയരുന്ന ചോദ്യമിതാണ്. ‘എവിടെ മുഖ്യാ ഒന്നേമുക്കാൽ കോടിയുടെ ഹെലികോപ്റ്റർ?‘
1.70 കോടി രൂപ മുൻകൂർ നൽകി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിൽ വിശ്രമത്തിലാണ് എന്നതാണ് ഈ ചോദ്യത്തിന് ലഭിക്കുന്ന അനൗദ്യോഗിക മറുപടി. പൊതുമേഖലാസ്ഥാപനമായ പവൻഹാൻസിൽ നിന്ന് ഏപ്രിൽ ഒന്നിനാണ് ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 18 ശതമാനം ചരക്കുസേവന നികുതിയടക്കം 1,70,63,000രൂപയാണ് ഹെലികോപ്റ്ററിന് ചിലവാകുന്നത്. 20 മണിക്കൂറിൽ കൂടിയാൽ മണിക്കൂറിന് 67,926 രൂപ വീതം അധിക ചിലവും.
നാല് മാസത്തിനിടെ 80 മണിക്കൂർ പറക്കാമായിരുന്ന ഹെലികോപ്ടർ എട്ട് മണിക്കൂർ പോലും പറന്നിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. എല്ലാ കാലാവസ്ഥയിലും രാത്രിയിലടക്കം പറക്കാനും ഇറങ്ങാനുമുള്ള സംവിധാനമുണ്ടെന്നായിരുന്നു അവകാശവാദം. എന്നാൽ മഴയും കാറ്റുമുള്ളപ്പോൾ കാഴ്ച പരിധി കുറയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന മറുപടി. അതേസമയം കാറ്റുവീശിയാലോ, മഴക്കാറ് കണ്ടാലോ പറക്കാത്ത ഹെലികോപ്ടർ വി വി ഐ പി കൾക്ക് ചുറ്റിക്കറങ്ങാനും വ്യോമനിരീക്ഷണത്തിനുമാണെങ്കിൽ സദാ തയ്യാറാണ്. ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും ഡിജിപി ലോക്നാഥ് ബെഹറയ്ക്കുമൊപ്പം റിട്ടയർമെന്റിന്റെ തലേന്ന് മുൻ ചീഫ് സെക്രട്ടറി ടോം ജോസ് പമ്പയിലേക്ക് വിവാദയാത്ര നടത്തിയത് ഇതിലായിരുന്നു.
മാവോയിസ്റ്റുകളെ നിരീക്ഷിക്കാനെന്ന പേരിൽ 10 ദിവസം മുൻപ് കോഴിക്കോട്ടെത്തിച്ചെങ്കിലും മഴയും കാറ്റും കാരണം പറക്കാനായില്ല. വനത്തിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകൾ ഹെലികോപ്ടറിന്റെ ശബ്ദം കേട്ട് കടന്നുകളയുമെന്ന പൊലീസ് ഭാഷ്യം തമാശയാണോ കാര്യമായാണോ എന്ന് വ്യക്തമല്ല. 1.70 കോടി രൂപക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന മൂന്ന് ഹെലികോപ്ടറുകൾ നൽകാമെന്ന് ബംഗളൂരുവിലെ ചിപ്‌സൺ ഏവിയേഷൻ വാഗ്ദാനം ചെയ്തിരുന്നതാണ്. കേരളം 1.70 കോടി രൂപ വാടക നൽകുന്ന ഈ ‘ഫുൾ ഓപ്ഷൻ‘ ഹെലികോപ്ടറിന് ഛത്തീസ്ഗഡിൽ 85 ലക്ഷമേ വാടകയുള്ളൂവെന്നതും ശ്രദ്ധേയമാണ്.
ദുരന്തങ്ങളിൽ പെട്ട് നട്ടം തിരിയുന്ന ഈ അവസരത്തിലെങ്കിലും പൊതുജനങ്ങൾക്ക് ഇതിന്റെ എന്തെങ്കിലും ഗുണം കിട്ടുമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ‘കാലാവസ്ഥ മോശമായത് കൊണ്ടാണ് രാജാമലയിലെ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നത്‘ എന്ന മുഖ്യന്റെ മറുപടിയിൽ നിന്നും ബോദ്ധ്യമാകുന്നത്.
Discussion about this post