കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലഷം രൂപ വീതവും നിസ്സാര പരിക്കുകൾ ഉള്ളവർക്ക് അമ്പതിനായിരം രൂപ വീതവും നൽകും.
എയർ ഇന്ത്യയുടെയും രാജ്യത്തെയും ഏറ്റവും മികച്ച പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യോമസേനയുടെ മുൻ വൈമാനികനും ഏറ്റവും അനുഭവ സമ്പത്തുള്ളയാളുമാണ് വിമാനത്തിന്റെ പൈലറ്റായിരുന്ന ഡി വി സാഥെയെന്നും അദ്ദേഹം അനുസ്മരിച്ചു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ എല്ലവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം അപകടത്തിൽ പെട്ടു തകർന്ന വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. സെക്കൻഡ് ലാന്‍ഡിംഗിനിടെ റണ്‍വെയില്‍ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. 190 യാത്രക്കാരുമായി വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 18 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post