കൊച്ചി: സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും കൈക്കൂലിയായി സ്വപ്ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചതായി വിവരം. ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപയുടെ വിശദാംശങ്ങൾ അന്വേഷിച്ചപ്പോഴായിരുന്നു അനേഷണ സംഘത്തിന് നിർണ്ണായക വിവരം ലഭിച്ചത്. കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിംഗ് നടപടികൾക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതിനാണ് 59 ലക്ഷം ലഭിച്ചതെന്നും വ്യക്തമായി.
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കൈക്കൂലിപ്പണം കണ്ടെത്തിയത് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഒരേ പോലെ വെട്ടിലാക്കിയിരിക്കുകയാണ്. സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നിർമിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിനാണ് സ്വപ്നയ്ക്ക് ഒരു കോടി രൂപ കൈക്കൂലി കിട്ടിയത്. യൂണിടെക് എന്ന സ്ഥാപനമാണ് പണം നൽകിയതെന്നും കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയിലുണ്ട്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്‍റ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായിട്ടാണ് കേരളത്തിന് ഒരു കോടി ദിർഹം ധനസഹായം പ്രഖ്യാപിച്ചത്.
സ്വപ്ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് ഫ്ലാറ്റ് നിർമാണ കരാർ നൽകിയത് എന്നാണ് കണ്ടെത്തൽ. ഇതിനുള്ള കൈക്കൂലിയായാണ് ഒരു കോടി ലഭിച്ചത്.
Discussion about this post